സെഞ്ചുറി അടിച്ച തക്കാളി വില താഴേക്ക്; കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തി, എന്നിട്ടും കുലുക്കമില്ലാതെ കേരളം

ഒരു സമയത്ത് സെഞ്ചുറി കടന്ന തക്കാളിവില ഇപ്പോൾ താഴേക്ക്. നിലവിലെ കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തിയത്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും 80ന് മുകളിൽ തന്നെയാണ് വില നിൽക്കുന്നത്. നവംബറില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയര്‍ന്നത്.
കൂടാതെ കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്‌നങ്ങളുമായിരുന്നു വില ഉയരാന്‍ കാരണമായി മാറി. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങിയിരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തിലെ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടായില്ല എന്നാണ് ആശങ്ക. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങള്‍ക്കും ഒക്ടോബറിലെ വിലയേക്കാള്‍ ഇരട്ടിവില നല്‍കേണ്ടി വരുന്നുണ്ട്. വിലകുറക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha