ആവാസ് കാര്‍ഡ് തൊഴില്‍രംഗത്തെ തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാം... അതിഥി തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി 'ആവാസി'ല്‍ അഞ്ചു ലക്ഷത്തില്‍പരം പേരെ ഉള്‍പ്പെടുത്തിയതായി തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി

അതിഥി തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി 'ആവാസി'ല്‍ ഇതുവരെ അഞ്ചു ലക്ഷത്തില്‍പരം പേരെ അംഗങ്ങള്‍ ആക്കിയതായി തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
'എംപാനല്‍ഡ് 'ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതാണ് 'ആവാസ്' കാര്‍ഡ്. അതിഥി തൊഴിലാളി മരണമടഞ്ഞാല്‍ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുകയായി രണ്ട് ലക്ഷം രൂപ ലഭിക്കും. തൊഴില്‍രംഗത്ത് തിരിച്ചറിയല്‍ രേഖയായി ഈ ബയോമെട്രിക് കാര്‍ഡ് ഉപയോഗിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സുധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 500 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേക്ക് സൗജന്യമായി എത്തിക്കുന്നതിന് കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം റിവോള്‍വിംഗ് ഫണ്ട് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മരുന്ന് വിതരണവും സംഘടിപ്പിച്ചു വരുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ വിവര ശേഖരണം സമ്പൂര്‍ണ്ണമാക്കുന്നതിന് മൊബൈല്‍ ആപ്പ് നിര്‍മാണ ഘട്ടത്തില്‍ ആണ്. അതിഥി തൊഴിലാളികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൃത്യമായ ഇടവേളകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലം സന്ദര്‍ശിക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha