അന്വേഷണം അതീവ രഹസ്യമായി... സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പലവഴിക്ക്; ഒരു സാധ്യതയും തള്ളിക്കളയാതെ എല്ലാ വശങ്ങളും പരിശോധിക്കും

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിച്ചിട്ടുള്ള ഹെലികോപ്റ്ററിലാണ് സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ പറന്നത്. എന്നിട്ടും ആകാശത്ത് വച്ച് തീ കണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. താഴെ വീണ് കത്തിപ്പടര്‍ന്നുവെന്നും പറയുന്നു.
പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികൂല കാലാവസ്ഥയാണ് ആദ്യത്തേത്. പാറക്കെട്ടുകളും മലകളും താഴ്‌വാരങ്ങളുമുള്ള പ്രദേശമാണ് അപകടം നടന്ന നീലഗിരി കുര്‍ണൂല്‍ മേഖല. ഒപ്പം മൂടല്‍മഞ്ഞും സാധാരണമാണ്. ഇവ കോപ്റ്ററുകളെ അപകടത്തിലാക്കുന്ന പ്രധാന ഘടകമാണ്. മൂടല്‍മഞ്ഞ് വൈമാനികരുടെ കാഴ്ച മറയ്ക്കുന്നതിനാല്‍ ചെറുതും വലുതുമായ കോപ്റ്ററപകടങ്ങള്‍ ഇവിടെ പതിവാണ്. 2009 സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി സഞ്ചരിച്ച കോപ്റ്റര്‍ കുര്‍ണൂലിനുസമീപം അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ റെഡ്ഡി മരിക്കുകയും ചെയ്തു.
എന്‍ജിന്‍ തകരാറും സാങ്കേതികപ്രശ്‌നങ്ങളുമാണ് അടുത്തത്. എന്‍ജിന്‍ തകരാറുമൂലം കോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത് അസാധാരണമല്ല. അപകടത്തില്‍പ്പെട്ട എം.ഐ17വി5 കോപ്റ്ററിന് രണ്ട് എന്‍ജിനുകളാണുള്ളത്. ഒരു എന്‍ജിന്‍ തകരാറിലായാല്‍പ്പോലും സാധാരണഗതിയില്‍ കോപ്റ്ററിനെ താഴെയിറക്കാന്‍ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് സാധിക്കും. രണ്ട് എന്‍ജിനും തകരാറിലായാല്‍പ്പോലും ഓട്ടോറൊട്ടേഷന്‍ മോഡില്‍ ഇറക്കാം.
കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും അപകടത്തിനുകാരണമായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായ അഭ്യര്‍ഥനാസന്ദേശം അടുത്തുള്ള മോണിറ്ററിങ് സ്‌റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാല്‍, നീലഗിരി സംഭവത്തില്‍ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പൈലറ്റിന്റെ പിഴവും ഒരു പ്രശ്‌നമാണ്. സാധാരണ വി.ഐ.പി., വി.വി.ഐ.പി.കള്‍ യാത്രചെയ്യുന്ന വ്യോമപാതയില്‍ പലതവണ പരീക്ഷണപ്പറക്കല്‍ നടത്തി സുരക്ഷ ഉറപ്പുവരുത്താറുണ്ട്. സംയുക്ത സേനാമേധാവിയടക്കമുള്ള വി.ഐ.പി.കള്‍ യാത്രചെയ്യുന്ന കോപ്റ്ററുകള്‍ വിദഗ്ധരാണ് പറത്താറ്.
വൈദ്യുതലൈനും പലപ്പോഴും വില്ലനാകാറുണ്ട്. അപകടകാരണം വൈദ്യുത ലൈനാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതികൂലകാലാവസ്ഥകാരണം കോപ്റ്റര്‍ താഴ്ന്നുപറന്നപ്പോള്‍ വൈദ്യുതലൈനില്‍ കുടുങ്ങി നിയന്ത്രണം തെറ്റിയതാണെന്നും പറയപ്പെടുന്നു.
ഇന്ത്യന്‍ മിലിട്ടറി സര്‍വീസിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഭാവിയിലേക്ക് ഇന്ത്യയുടെ മൂന്ന് സൈനികവിഭാഗങ്ങളെയും ഒരുമിച്ച് സജ്ജമാക്കാനുള്ള പ്രയത്‌നത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു സംയുക്ത സേനാമേധാവിയെന്ന പദവി. ഒഴിച്ചുകൂടാനാവാത്ത ആ സൈനിക ഏകീകരണത്തിന്റെ നായകനായിരുന്നു ബിപിന്‍ റാവത്ത്.
അതുകൊണ്ടുതന്നെ, ഈ അപകടം വളരെ ഗൗരവമുള്ളതാണ്. ഒരുപക്ഷേ, ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ 1963 നവംബറില്‍ പൂഞ്ച് ജില്ലയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തം. രാജ്യത്തിന്റെ ഉന്നത സൈനികോദ്യോഗസ്ഥന്‍ യാത്രചെയ്യുന്ന ഹെലികോപ്റ്ററിന് ഇതുപോലെ അപകടമുണ്ടാകുമ്പോള്‍ അതില്‍ ഒരുവശവും തള്ളിക്കളയാനാവില്ല. അതിനാല്‍ തന്നെ ശക്തമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha