കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;അമ്മയെ അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നംമുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന മാലൂർമലയിൽ നിഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ നിഷ വീപ്പയിലെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. അഞ്ച് മക്കളുള്ള മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം.
രാവിലെ വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ അസ്വാഭാവികമായി കേട്ട നാട്ടുകാർ വിവരം പ്രദേശത്തെ ആശാ വർക്കറെ അറിയിക്കുകയായിരുന്നു. തുടർന്ന് , ആശാ വർക്കർ വിവരം കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീപ്പയ്ക്കുള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ദുരൂഹത പുറത്തറിഞ്ഞത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശ്വാസകോശത്തിലും ആന്തരിക അവയവങ്ങളിലും വെള്ളവും കയറിയിരുന്നു.
ഇത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നടന്നത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha