ബിഗ് സല്യൂട്ട്... കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങ് ലിഡറുടെ ഭാര്യ ഗീതിക ലിഡയുടെ വാക്കുകള്‍ രാജ്യത്ത് പ്രതിധ്വനിക്കുന്നു; ദുഃഖഭരിതമായ അന്തരീക്ഷത്തില്‍ ബ്രിഗേഡിയര്‍ക്കു വിട നല്‍കി

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ സൈനികരുടെ കുടുംബത്തില്‍ നിന്നും വളരെ വേദനാജനകമായ കാഴ്ചകളാണ് കാണുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടമായ ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങ് ലിഡറുടെ ഭാര്യ ഗീതിക ലിഡറിന്റെ വാക്കുകള്‍ പല കണ്ണുകളെയും ഈറനണിയിച്ചു. 'അദ്ദേഹത്തിന് നല്ല യാത്രയയപ്പ് കൊടുക്കണം. പുഞ്ചിരിയോടെ വേണം വിട നല്‍കാന്‍' എന്ന് ലിഡ പറയുമ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞു. ദുഃഖഭരിതമായ അന്തരീക്ഷത്തിലാണ് ബ്രിഗേഡിയര്‍ക്കു വിട നല്‍കിയത്.
മൃതദേഹ പേടകത്തില്‍ തലവച്ചു വിതുമ്പിയ ഗീതിക ലിഡ്ഡര്‍ ഏവര്‍ക്കും വേദന നിറഞ്ഞ കാഴ്ചയായി. പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക ആവരണം ചെയ്തതുമായ മൃതദേഹ പേടകത്തിന് അരികെ കരച്ചിലടക്കി പിടിച്ചുനിന്ന മകള്‍ ആഷ്‌നയും നൊമ്പരപ്പെടുത്തി.
ഗീതികയും മകള്‍ ആഷ്‌നയും ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലെത്തിയാണ് ലഖ്‌വിന്ദര്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ജീവിതത്തെ വലിയ കണ്ണുകളിലൂടെ നോക്കിക്കണ്ട ഒരാളായിരുന്നു അദ്ദേഹം. അവസാനമായി കാണാന്‍ എത്രയെത്ര ആളുകളാണ് വന്നിരിക്കുന്നത്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ് എന്ന് ഗീതിക പറഞ്ഞു. ദുഃഖം ധീരതയ്ക്ക് വഴി മാറുന്ന കാഴ്ചയ്ക്കും ബ്രാര്‍ സ്‌ക്വയര്‍ സാക്ഷിയായി. 'ഞാനൊരു സൈനികന്റെ ഭാര്യയാണ്' മനോധൈര്യത്തോടെ ഗീതിക പറഞ്ഞു.
അഭിമാനത്തേക്കാളേറെ വിഷമമാണ് ഇപ്പോള്‍ തോന്നുന്നത്. ഇതാണ് ഈശ്വരന് വേണ്ടതെങ്കില്‍, ഈ നഷ്ടവുമായി ഞങ്ങള്‍ മുന്‍പോട്ട് പോയേ മതിയാകൂ. പക്ഷെ ഇനിയുള്ള ജീവിതം ഏറെ നീണ്ട ഒന്നാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയിലല്ല അദ്ദേഹത്തെ വേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യം എന്റെ മകള്‍ക്ക് വല്ലാതെ അനുഭവപ്പെടും. അദ്ദേഹമൊരു നല്ല അച്ഛനും ആയിരുന്നു എന്നും ഗീതിക പറഞ്ഞു. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു ലഖ്‌വിന്ദര്‍.
മകള്‍ ആഷ്‌നയും വേദനയായി. എനിക്ക് 17 വയസ്സ് ആകാന്‍ പോവുകയാണ്. ഈ 17 വര്‍ഷവും അച്ഛന്‍ കൂടെ ഉണ്ടായിരുന്നു. ആ ഓര്‍മകളുടെ സന്തോഷവുമായി ഞങ്ങള്‍ മുന്‍പോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന്‍ ഒരു നായകന്‍ ആണ്. എന്റെ ഉറ്റ ചങ്ങാതിയും കൂടെയാണ്. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദകന്‍. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങളുടെ വിധി. കൂടുതല്‍ നല്ല കാര്യങ്ങള്‍ ഭാവിയില്‍ ഞങ്ങളെ തേടിയെത്തിയേക്കാം എന്നും ആഷ്‌ന പറഞ്ഞു.
അതേസമയം സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയെ വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പാക്ക്, ചൈന അതിര്‍ത്തികളില്‍ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നതു ഭൂഷണമല്ലെന്നാണു വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സീനിയോറിറ്റി പരിഗണിച്ചാണു നിയമനമെങ്കില്‍ 3 സേനാ മേധാവികളില്‍ മുതിര്‍ന്നയാളായ ജനറല്‍ എം.എം. നരവനെയ്ക്കാണ് (കരസേന) സാധ്യത.
റാവത്തും കരസേനയില്‍ നിന്നായിരുന്നതിനാല്‍ അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയില്‍ നിന്നാവണമെന്ന വാദമുയര്‍ന്നാല്‍ എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. എന്നാല്‍, ഇരുവരും സേനാ മേധാവികളായത് അടുത്തിടെയാണെന്നതിനാല്‍ സംയുക്ത സേനാ മേധാവിയാക്കുന്നത് ഉചിതമാവില്ലെന്ന ചിന്തയുണ്ട്.
"
https://www.facebook.com/Malayalivartha