കല്ലായി കല്ലായി... വഖഫ് വിഷയത്തില്‍ ഉയര്‍ത്തെഴുന്നേറ്റ മുസ്ലീം ലീഗിന് പാരയായി നേതാവിന്റെ പ്രസംഗം; കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ വിവാദ പ്രസ്താവനയിലും ഖേദന പ്രകടനത്തിലും ലീഗ് വീണുടഞ്ഞു

മുസ്‌ലിം ലീഗിനെ സംബന്ധിച്ച് ഒരു തിരിച്ചു വരവ് അത്യാവശ്യമായിരുന്നു. ഭരണത്തിലില്ലാതായിട്ട് 6 വര്‍ഷത്തോളമായി. ഐഎന്‍എല്‍ ഭരണത്തിലുമുണ്ട്. ചോര്‍ന്നു പോകുന്ന അണികളെ എങ്ങനെ പിടിച്ചു നിര്‍ത്തുമെന്ന് കരുതിയിരുന്നപ്പോഴാണ് വഖഫ് ബോര്‍ഡ് വിഷയം വരുന്നത്.
രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴാണ് വഖഫ് നിയമന വിവാദം വീണുകിട്ടിയത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ലീഗിന് തുടക്കം മുതലേ പാളിയിരുന്നു.
അവസാനം കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ വിവാദ പ്രസ്താവനയിലും ഖേദ പ്രകടനത്തിലും എത്തിനില്‍ക്കുകയാണ് ലീഗിന്റെ വഖഫ് എന്ന പുലിവാല്‍. റാലിയില്‍ ഉണ്ടായ വിടുവായത്തരമാണ് എല്ലാം കുളമാക്കിയത്.
സര്‍ക്കാരിനെതിരായ വഖഫ് സമരത്തില്‍ നിന്ന് എക്കാലത്തും ഒപ്പം നിന്നിരുന്ന സമസ്തയും കൈവിട്ടതോടെ മുന്‍പേ പ്രഖ്യാപിച്ച കോഴിക്കോട്ടെ റാലി മുസ്‌ലിംലീഗിന് അഭിമാന പ്രശ്‌നമായിരുന്നു. പരമാവധി അണികളെ കോഴിക്കോട്ടേക്ക് എത്തിക്കാന്‍ മികച്ച സംഘാടനം തന്നെ ലീഗ് നടത്തി. അതീവ സൂക്ഷമതയോടെയായിരുന്നു സംരക്ഷണ റാലിയുടെ തയ്യാറെടുപ്പുകള്‍.
സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കി പാര്‍ട്ടി മുഖപത്രത്തിലൂടെയും മറ്റും കൈമാറിയ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊരു ശബ്ദവും ഉയരരുതെന്ന് കര്‍ശന നിര്‍ദേശം അണികള്‍ക്കുണ്ടായിരുന്നു. സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനമെടുത്ത സമസ്തയുടെ സമുന്നത നേതാക്കള്‍ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തീരുമാനം.
അണികളെ നിയന്ത്രിച്ചെങ്കിലും നേതാക്കളെ നിയന്ത്രിക്കാനായില്ല. ഇടതുപക്ഷം തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നുമുള്ള നേതാക്കളുടെ നിര്‍ദേശം ഒരു പരിധിവരെ അണികള്‍ ശിരസ്സാവഹിച്ചു. പക്ഷേ കടപ്പുറത്ത് അണിനിരന്ന ജനസഞ്ചയത്തെ കണ്ടപ്പോള്‍ ചില നേതാക്കള്‍ എല്ലാം മറന്നു.
ഇത് പറയാന്‍ ചങ്കൂറ്റംവേണമെന്നും മുന്‍പേ പറഞ്ഞവര്‍ക്കൊന്നും അതില്ലെന്നും വ്യക്തമാക്കി കൊണ്ട് അബ്ദുറഹിമാന്‍ കല്ലായി കത്തികയറി. അണികളെ ത്രസിപ്പിക്കാന്‍ വര്‍ഗീയത വാരിവിതറി അദ്ദേഹം. ലീഗുകാര്‍ അവകാശപ്പെടുന്നതുപോലെ 'കടലായി തിരയായി' മാറിയ വഖഫ് സംരക്ഷണ റാലിയില്‍ കല്ലായി ഒടുക്കം ലീഗിന് ഒരു കല്ലായി മാറി. വിവാദം ആളിക്കത്തിയതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കല്ലായി ചങ്കൂറ്റം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കാലങ്ങളായി മുസ്‌ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകള്‍ക്കും ഇടയില്‍ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. നേരത്തെ ചെറിയ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമായിരുന്നുവെങ്കിലും ചായ കോപ്പയിലെ കൊടുങ്കാറ്റുപോലെ അത് കെട്ടടങ്ങുമായിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഇതില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങള്‍ക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. അതോടെയാണി ലീഗ് റാലി വിളിച്ച് കൂട്ടിയതും പുലിവാലിലായതും.
al
https://www.facebook.com/Malayalivartha