കടുത്തുരുത്തി ഞീഴൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; സ്ത്രീധനപീഡനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്

കടുത്തുരുത്തി: ഞീഴൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്ത്(31)ആണ് വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പരാതിയുമായി എലിസബത്തിന്റെ പിതാവ് രംഗത്തെത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടി തന്റേതല്ലെന്ന് കുറ്റപ്പെടുത്തിയും കെവിന്‍ എലിസബത്തിനെ പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി, തമിഴ്നാട് ചെങ്കല്‍പെട്ടില്‍ ജോലി ചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസാണ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്.
ഉഴവൂര്‍ കോളജില്‍ ഗെസ്റ്റ് അദ്ധ്യാപികയായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. നാളുകളായി കെവിനും വീട്ടുകാരും എലിസബത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. 60 പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയെന്നും എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
എലിസബത്ത് ഗര്‍ഭിണിയായതോടെ ഇവര്‍ ചെങ്കല്‍പെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കവേയാണ് ആത്മഹത്യ. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് കുളിമുറിയില്‍ എലിസബത്ത് തൂങ്ങിമരിച്ചത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. എലിസബത്തിന്റെ പരാതിയില്‍ കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിന്‍ ചന്ദ്രന്‍ അറിയിച്ചു. സംസ്‌കാരം ഇന്ന് 3ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha