'റാവത്ത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്. സര്‍ക്കാരിന്റെ രാഷ്ട്രീയം പറയാന്‍ സൈനിക വേഷത്തിലും മടി കാണിക്കാത്ത റാവതിനെ സംയുക്ത സേനാ മേധാവിയിക്കാന്‍ എന്‍ ഡി എ സര്‍ക്കാരിന് അധികം ആലോചിക്കേണ്ടി വന്നില്ല...' അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രനെ പിന്തുണച്ച് മുന്‍ ജഡ്ജി എസ്. സുദീപ്

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റർ അപകട മരണം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് വന്ന അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രനെ പിന്തുണച്ച് മുന്‍ ജഡ്ജി എസ്. സുദീപും രംഗത്ത് എത്തിയിരിക്കുകയാണ്. ഒഴുക്കിനൊപ്പം നീന്തിയാല്‍ കല്ലേറുണ്ടാവില്ല എന്നു കരുതി വെറുതെയങ്ങ് ഒഴുകിപ്പോകുന്നതല്ല ചരിത്ര-പൗരധര്‍മ്മങ്ങള്‍ എന്ന് സുദീപ് കുറിക്കുന്നു.
ഗാന്ധിജിക്കും ധാബോല്‍ക്കര്‍ക്കും പന്‍സാരെയ്ക്കും കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും സ്റ്റാന്‍ സ്വാമിക്കുമൊക്കെ കലര്‍പ്പില്ലാത്ത, കാവി കലരാത്ത അഭിപ്രായങ്ങളും ആര്‍ജവവും ശത്രുക്കളുമുണ്ടായിരുന്നുവെന്നും ചരിത്രം അവരെയൊക്കെ മായാത്ത മഷികളാല്‍ അടയാളപ്പെടുത്തുമെന്നും രശ്മിതയുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് എസ് സുദീപ് തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.
സുദീപ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:
സൈനിക മേധാവി ആയിരുന്നപ്പോഴും ബിപിന്‍ റാവത് രാഷ്ട്രീയം പറഞ്ഞു. വിവാദ വ്യക്തിത്വമായിരുന്നു. റാവത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്. സര്‍ക്കാരിന്റെ രാഷ്ട്രീയം പറയാന്‍ സൈനിക വേഷത്തിലും മടി കാണിക്കാത്ത റാവതിനെ സംയുക്ത സേനാ മേധാവിയിക്കാന്‍ എന്‍ ഡി എ സര്‍ക്കാരിന് അധികം ആലോചിക്കേണ്ടി വന്നില്ല. സംയുക്ത സേനാ മേധാവി ആകുന്നതിനു തൊട്ടുമുമ്പ് റാവത് പൗരത്വ നിയമ വിഷയത്തിലെ പ്രക്ഷോഭങ്ങളെക്കുറിച്ച് പരസ്യമായി രാഷ്ട്രീയാഭിപ്രായം പറഞ്ഞു. കരസേനാ മേധാവി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
കശ്മീരില്‍ പ്രക്ഷോഭം നടക്കുന്നതിനിടെ സൈനിക വാഹനത്തിനു മുമ്ബില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതിനെ റാവത് ന്യായീകരിച്ചു. യുവാവിനെ ബോണറ്റില്‍ കെട്ടിയിട്ട് മണിക്കൂറുകള്‍ ജീപ്പോടിച്ച മേജര്‍ ലിതുല്‍ ഗൊഗോയിയെ മെഡല്‍ നല്‍കി ആദരിക്കാനും റാവത് മറന്നില്ല. സ്ത്രീകളെ യുദ്ധമുന്നണിയിലെടുക്കരുതെന്നും അവര്‍ക്കു പരിമിതികളുണ്ടെന്നും ആറു മാസം അവധി നല്‍കാനാവില്ലെന്നുമായിരുന്നു റാവത് പറഞ്ഞത്. സ്ത്രീകളെ ആരെങ്കിലും ഒളിഞ്ഞു നോക്കിയാലോ എന്നും റാവത് പരസ്യമായി ചോദിച്ചിരുന്നു. ഇതൊക്കെത്തന്നെയാണ് ബിപിന്‍ റാവതിനെക്കുറിച്ച് രശ്മിത രാമചന്ദ്രന്‍ ഇന്നലെ ഫെയ്സ്ബുക്കില്‍ എഴുതിയത്.
വികാരത്തിനു വഴിപ്പെടാതെ, വായനക്കാരെ വസ്തുതകളും ചരിത്രവും ഓര്‍മ്മപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും എഴുത്തുകാരന്‍ എന്ന പൗരന്‍്റെ ചരിത്രധര്‍മ്മമാണ്. ഒഴുക്കിനൊപ്പം നീന്തിയാല്‍ കല്ലേറുണ്ടാവില്ല എന്നു കരുതി വെറുതെയങ്ങ് ഒഴുകിപ്പോകുന്നതല്ല ചരിത്ര-പൗരധര്‍മ്മങ്ങള്‍. അഭിപ്രായങ്ങളും അതു പ്രകടിപ്പിക്കാനുള്ള ആര്‍ജവവും ഉള്ളവര്‍ക്ക് ശത്രുക്കളുണ്ടാവും, തീര്‍ച്ച.
ഗാന്ധിജിക്കും ധാബോല്‍ക്കര്‍ക്കും പന്‍സാരെയ്ക്കും കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും സ്റ്റാന്‍ സ്വാമിക്കുമൊക്കെ കലര്‍പ്പില്ലാത്ത, കാവി കലരാത്ത അഭിപ്രായങ്ങളും ആര്‍ജവവും ശത്രുക്കളുമുണ്ടായിരുന്നു. ചരിത്രം അവരെയൊക്കെ മായാത്ത മഷികളാല്‍ അടയാളപ്പെടുത്തും. യഥാര്‍ത്ഥ പൗരധര്‍മ്മം നിറവേറ്റുന്നവരെയൊക്കെ നിങ്ങള്‍ കൊന്നാലും ശരി, അവരോട് ചരിത്രം അതിന്‍്റെ ധര്‍മ്മം നിറവേറ്റുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha