പാലക്കാട് ജില്ലയിലെ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും.. .പ്രദേശത്ത് കൂടുസ്ഥാപിക്കാനുള്ള ഒരുക്കത്തില്‍ വനംവകുപ്പ്

പാലക്കാട് ജില്ലയിലെ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. അകത്തേത്തറയിലാണ് പുലിയിറങ്ങി ആടിനെ കൊന്നുതിന്നത്. ധോണി സ്വദേശിയായ വിജയന്‍ എന്നയാളുടെ ആടിനെയാണ് പുലിപിടിച്ചത്. പുലര്‍ച്ചെ കൂട്ടില്‍ ആടിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് സമീപത്തെ പറമ്പില്‍ ആടിന്റെ ജഡം കണ്ടെത്തിയത്.
പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകളും ദൃശ്യമാണ്. അയ്യപ്പന്‍ചാല്‍ വെള്ളച്ചാട്ടത്തിന്റെ പരിസരത്തു നിന്നും വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയതായും വിവരമുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിസരങ്ങളില്‍ പരിശോധന നടത്തി.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കൂടുസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് പുലിയിറങ്ങുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനിടെ കല്ലടിക്കോട് ഭാഗത്ത് റബര്‍ തോട്ടത്തില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. രാവിലെ തോട്ടത്തില്‍ എത്തിയ ടാപ്പിംഗ് തൊഴിലാളികളാണ് ജഡം കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























