കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ കടയിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് നന്നാക്കുന്നതിനായി എത്തിച്ച ബാറ്ററി; ജീവനക്കാരും ഉപഭോക്താക്കളും രക്ഷപെട്ടത് അത്ഭുതകരമായി

നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ ഷോപ്പിൽ വൻ പൊട്ടിത്തെറി. അറ്റകുറ്റപണികൾക്കായി എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ആറോളം ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥാപനത്തിൽ എത്തുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ബാറ്ററിയ്ക്ക് ചാർജ് നിൽക്കുന്നില്ലെന്നതായിരുന്നു ഇവരുടെ പരാതി ഇത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ ടെക്‌നീഷ്യൻ ബാറ്ററി ഊരി പുറത്ത് വച്ചു. തുടർന്ന്, ഫോൺ ഇദ്ദേഹം പരിശോധിക്കുകയായിരുന്നു. ബാറ്ററി വീർത്തു നിന്നതിനാലാണ് ചാർജ് നിൽക്കാതിരുന്നത്.
ഇതിനിടെ സ്ഥാപനത്തിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ ബാറ്ററിയുടെ വീർത്തു നിന്ന ഭാഗത്ത് അമർത്തി. ഇതോടെ വൻ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം തീയും പടർന്നു. സ്ഥാപനത്തിലെ ജീവനക്കാരന്റെ തലമുടിയിലേയ്ക്കു തീ പടർന്നൂ. ഇതോടെ ഷോപ്പിനുള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചിതറിയോടി. തുടർന്ന്, അൽപ നേരത്തിനു ശേഷമാണ് തിരികെ ഷോപ്പിലെത്തിയത്.
എന്നാൽ, സംഭവിച്ചത് എന്താണെന്നുള്ള ആശങ്കയിലായിരുന്നു ഇവർ. ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നതായി നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നതെന്നു ഷോപ്പിന്റെ ഉടമ പറഞ്ഞു. അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























