4 പേർ പത്തടി താഴെ മണ്ണിനടിയിൽ ഒരു മണിക്കൂർ...രണ്ടുപേരുടെ തല മാത്രം പുറത്ത്..നാടിന് നൊമ്പരമായി കളമശ്ശേരി അപകടം

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളായ നാലുപേർ മണ്ണിനടിയിൽ കിടന്നത് ഒരു മണിക്കൂർ. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഉച്ചക്ക് രണ്ടരയേടെയാണ് ദുരന്തമുണ്ടായത്. പത്തോളം അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത് എന്നത് അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
തല മണ്ണിനടിയിൽപ്പെടാതിരുന്ന രണ്ടുപേരെ ആദ്യം തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടർന്നു. പത്തു അഗ്നിശമന സേനാ വാഹനങ്ങളിലെ ജീവനക്കാരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ഒരു മെയ്യോടെ പ്രവർത്തിച്ചു.മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെടുക്കാനായിരുന്നു ശ്രമം എങ്കിലും യന്ത്രസഹായം പൂർണമായി ഉപയോഗിക്കാൻ നിവൃത്തിയില്ലായിരുന്നു.
ഓരോ തൊഴിലാളികളെയും പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും നിർത്തിയിട്ടില്ല. മണ്ണിനടിയിലുള്ളയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നു.
തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ ഏഴു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ തല മണ്ണിനടിയിൽ പെടാതിരുന്നതിനാൽ ശ്വസിക്കാനായ രണ്ടുപേരെ ഉടൻ പുറത്തെടുത്തിരുന്നു. ഇതിൽ സിയാവുൽ മണ്ഡൽ ആശുപത്രി വിട്ടു, ഫാറൂഖ് മണ്ഡൽ ചെറിയ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
https://www.facebook.com/Malayalivartha