പിണറായിയുടെ തണലില്‍ മണിയാശാന്‍ സേഫ്, പക്ഷേ പണിവരുന്നുണ്ട് ആശാനേ...., ഭരണം കൈയ്യിലുണ്ടെന്ന് കരുതി കൊലപാതക കുറ്റം ഇല്ലാതാകില്ല, രക്ഷപ്പെടാമെന്നുള്ള വേല മനസില്‍ വെച്ചാല്‍ മതി, ബേബിയുടെ കുടുംബത്തോടൊപ്പം നിന്ന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്, അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനായ മണിയാശാന് വലവിരിച്ച് പ്രതിപക്ഷം

അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനായ മണിയാശാന്‍ അങ്ങനെയൊന്നും ആശ്വസിക്കേണ്ട. പണി വരുന്നുണ്ട് മണിയാശാനേ എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭരണം കൈയ്യിലുണ്ടെന്ന് കരുതി കൊലപാതക കുറ്റം ഇല്ലാതാകുകയില്ലെന്നും രക്ഷപ്പെടാമെന്നുള്ള വേല മനസില്‍ തന്നെ വെച്ചാല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എം മണിക്ക് നല്‍കുന്ന മുന്നറിയിപ്പ്.ബേബിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും നീതി ഉറപ്പാക്കുമെന്നും ഇടുക്കി മുന്‍ ഡിസിസി പ്രസിഡന്റായ റോയ് കെ പൗള്‍സ് മലയാളിവാര്‍ത്തയോട് പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ട നീതിയാണ് കാണിച്ചതെന്ന് ആരോപിച്ച് ബേബിയുടെ സഹോദരന്‍ ബെന്നിയും രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയത്തിന്റേയും പണത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് മണിയടക്കമുള്ളവര്‍ രക്ഷപ്പെട്ടത്, സഹോദരന് നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ബെന്നി പറഞ്ഞു.
1982 നവംബര്‍ 13 നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. എന്നാല്‍ എംഎം മണിക്ക് കുരുക്ക് വീണത് 2012 മേയ് 25 ന് നടത്തിയ ഒരു വിവാദ പരാമര്‍ശത്തിലൂടെയാണ്. മണക്കാട് വെച്ച് നടന്ന യോഗത്തില്‍ മണി ഈ കൊലപാതകങ്ങളെ വണ്‍ ടൂ ത്രീ എന്ന് അക്കമിട്ട് പരാമര്‍ശിച്ചിരുന്നു.
ബേബി അഞ്ചേരിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. പ്രസംഗം വിവാദമായതോടെയാണ് എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് 2012 നവംബറില്‍, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയടക്കമുള്ള മൂന്നു നേതാക്കള്‍ അറസ്റ്റിലാകുകയായിരുന്നു.
46 ദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ എം എം മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍ കോടതിയെ സമീപിച്ചെങ്കിലും തള്ളിക്കളഞ്ഞു. പിന്നീട് വിചാരണ നേരിടണമെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എം എം മണി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി ഹൈക്കോടതി പ്രസ്താവിച്ചത്.
കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലന്നും ഗുഡാലോചനക്ക് തെളിവില്ലന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി എന്നാണ് കോടതി വ്യക്തമാക്കിയത്.
എംഎം മണിയെ കൂടാതെ ഒ ജി മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കൊലപാതക്കേസിലെ മറ്റ് പ്രതികള്‍.
കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക..
https://www.facebook.com/Malayalivartha