'ഞങ്ങളുടെ അച്ഛൻ കൈത്തണ്ടയിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വാർന്നുകിടക്കുകയാണ്. ആശുപത്രിയിലെത്തിക്കുന്നതിന് അദ്ദേഹം സമ്മതിക്കുന്നില്ല. പെട്ടെന്ന് വീട്ടിലേക്ക് വന്ന് അച്ഛനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. അവർ കരയുകയായിരുന്നു...' വൈറലായി കുറിപ്പ്

ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നമുക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ വിളിക്കേണ്ടി വന്ന കുട്ടികളുടെ അനുഭവം വ്യകതമാക്കുകയാണ് ഇവിടെ. കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇത്തരത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്...
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ രാത്രി പത്തര മണിക്ക് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയും പുരുഷനും കയറിവന്നു. അവർ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ അവരോട് കാര്യങ്ങൾ തിരക്കി. സാർ, രക്ഷിക്കണം.
ഞങ്ങളുടെ അച്ഛൻ കൈത്തണ്ടയിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വാർന്നുകിടക്കുകയാണ്. ആശുപത്രിയിലെത്തിക്കുന്നതിന് അദ്ദേഹം സമ്മതിക്കുന്നില്ല. പെട്ടെന്ന് വീട്ടിലേക്ക് വന്ന് അച്ഛനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. അവർ കരയുകയായിരുന്നു.
സംഭവം കേട്ട ഉടൻതന്നെ സബ് ഇൻസ്പെക്ടർ തോമസ്, സിവിൽ പൊലീസ് ഓഫിസർ സിറിൾ പി.എസ്, ഹോം ഗാർഡ് ബാബു എന്നിവരുമൊത്ത് പൊലീസ് വാഹനത്തിൽ അവർ താമസിക്കുന്ന ഫ്ളാറ്റിലെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് അയാൾ സ്വന്തം കൈത്തണ്ടയിൽ മുറിവേൽപ്പിച്ചത്. എഴുപത് വയസ്സാണ് പ്രായം. മുറിയിലാകെ രക്തം വാർന്നു കിടക്കുന്നുണ്ട്. എന്നിട്ടും അയാൾ മുറിയിൽ കിടന്ന് ഉലാത്തുകയാണ്. വീട്ടിലെ എന്തോ പ്രശ്നത്തെത്തുടർന്നുള്ള ദേഷ്യത്തിന് ചെയ്തതാണിത്.
പൊലീസുദ്യോഗസ്ഥർ അവിടെയെത്തിയപ്പോഴും അയാളുടെ മുഖത്ത് ആ ദേഷ്യ ഭാവം വിട്ടുപോയിട്ടില്ല. പൊലീസുദ്യോഗസ്ഥർ വളരെ അനുനയത്തോടെ അയാളോട് സംസാരിച്ചു. പൊലീസുദ്യോഗസ്ഥരുടെ സ്നേഹപൂർവമായ നിർബന്ധത്തിൽ അയാൾ വഴങ്ങി. അങ്ങിനെ അയാളെ, വീട്ടുകാരേയും കൂട്ടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിച്ച അയാളെ ഡോക്ടർ പരിശോധിച്ച്, മുറിവുകൾ തുന്നിക്കെട്ടുകയും, മതിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വളരെ ആഴത്തിലുള്ള മുറിവായിരുന്നു അതെന്നും, പന്ത്രണ്ട് സ്റ്റിച്ചുകൾ ഇടേണ്ടിവന്നതായും ഡോക്ടർമാർ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതുകൊണ്ട് അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
പൊലീസുദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നും തിരികെപോന്ന് പൊലീസ് സ്റ്റേഷനിലെത്തി പതിവു ഡ്യൂട്ടികൾ തുടരുകയായിരുന്നു. നേരത്തെ വന്ന സ്ത്രീയും പുരുഷനും ഇതാ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് കയറിവരുന്നു. സബ് ഇൻസ്പെക്ടർ ആകാംക്ഷയോടെ അവരെ നോക്കി ചോദിച്ചു. എന്തെങ്കിലും സംഭവിച്ചോ?
സർ, ഞങ്ങൾ അങ്ങയോടും മറ്റ് പൊലീസുദ്യോഗസ്ഥരോടും നന്ദി പറയാൻ വന്നതാണ്. ആരും സഹായത്തിനില്ലാത്ത അവസ്ഥയിൽ മടിച്ചുകൊണ്ടാണ് ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്. അങ്ങയുടേയും സഹപ്രവർത്തകരുടേയും സഹായം കൊണ്ടാണ് എന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. വളരെ നന്ദി സർ. അവർ കരയുന്നുണ്ടായിരുന്നു. സബ് ഇൻസ്പെക്ടർ തോമസ് അവരെ സ്നേഹത്തോടെ യാത്രയാക്കി.
പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ ആളുകൾക്കും പറയാനുണ്ടാകും ഇത്തരത്തിലുള്ള സ്വന്തം അനുഭവങ്ങൾ. ഇങ്ങനെയൊക്കെ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാർന്ന സ്വഭാവം പുറംലോകം അറിയുന്നത്. നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാൻ ഞങ്ങളുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ധരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056. 24 മണിക്കൂറും പൊലീസ് സഹായത്തിന് വിളിക്കൂ– 112)
കടപ്പാട്: കേരളാ പൊലീസ്
https://www.facebook.com/Malayalivartha