'അതിവേഗ റെയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ വരുന്നത്, തടയാന്‍ വന്നാല്‍ കെ. സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കും'; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിവാദപരാമർശവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ്

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ്. കെ-റെയിലിനെതിരായ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്നും വര്‍ഗീസ് ആരോപിച്ചു.
'യൂത്ത് കോണ്‍ഗ്രസുകാരന്‍ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിക്കുകയാണ്. എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിന് ആളുകളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേരുന്നതാണ് ഇപ്പോള്‍ കാണുന്നത്. കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്നാണ് സുധാകരന്‍ പറയുന്നത്. കോണ്‍ഗ്രസിനെയാകെ പിഴുതെടുക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നത് മറക്കരുത്. അതിവേഗ റെയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ വരുന്നത്. തടയാന്‍ വന്നാല്‍ കെ. സുധാകരന്റെ നെഞ്ചത്തുകൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കും' -വര്‍ഗീസ് പറഞ്ഞു.
കെ. സുധാകരനെതിരെ ഇതിന് മുമ്ബും സി.വി. വര്‍ഗീസ് രംഗത്തെത്തിയിട്ടുണ്ട്. കെ. സുധാകരനെതിരെ കൊലവിളി പ്രസംഗം നടത്തിയത് അടുത്തിലെ വിവാദമായിരുന്നു. സുധാകരന്‍റെ ജീവിതം സി.പി.എം നല്‍കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലെന്നുമാണ് ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീസ് പറഞ്ഞത്.
'സി.പി.എമ്മിന്‍റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തി എന്നാണ്. ഇടുക്കിയിലെ കോണ്‍ഗ്രസുകാരാ നിങ്ങള്‍ കരുതിക്കോ. സുധാകരന്‍ എന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍ സി.പി.എം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്‍റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്' എന്നാണ് വര്‍ഗീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha