കേരളത്തിലെ വിദ്യാർത്ഥികളുടെ പാഠപുസ്തകമായി ജോസഫൈൻ... മൃതദേഹം മെഡിക്കൽ കോളേജിന്... കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി കൈമാറും

സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ച കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ട് നൽകും. കളമശ്ശേരി മെഡിക്കൽ കോളേജിനാണ് മൃതദേഹം കൈമാറുന്നത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോസഫൈൻ അന്തരിക്കുന്നത്.
ജോസഫൈന്റെ മൃതദേഹം ഇന്ന് രാത്രിയോടെ അങ്കമാലിയിലെത്തിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും സിഎസ്‌ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതു ദർശനത്തിന് വെയ്‌ക്കുന്നുണ്ട്. പൊതുദർശനമെല്ലാം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുക. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു.
എകെജി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്ന ജോസഫൈൻ ഇന്ന് ഒരു മണിയോടെയാണ് മരണപ്പെടുന്നത്. മൃതദേഹം രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും. മൃതദേഹത്തെ എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ അനുഗമിക്കും. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. പരേതനായ പള്ളിപ്പാട് പി.എ.മത്തായിയാണ് ഭർത്താവ്. മകൻ: മനു പി.മത്തായി. മരുമക്കൾ: ജ്യോത്സന. പഠനകാലത്തൊന്നും ജോസഫൈൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും വിമോചന സമരം മനസ്സിൽ സ്വാധീനം സൃഷ്ടിച്ചിരുന്നു.
മതചട്ടക്കൂടിനെ വെല്ലുവിളിച്ചായിരുന്നു വിവാഹം. എംഎ പാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാ വക സ്കൂളിൽ ടീച്ചറായി. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയ ശേഷം സുഹൃത്തിനോടൊന്നിച്ച് പാലരൽ കോളജ് ആരംഭിച്ചു. 1976ലായിരുന്നു വിവാഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുരംഗത്തേക്കിറങ്ങുന്നത്.
വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവർത്തന കേന്ദ്രം. കെഎസ്‌വൈഎഫിന്റെ ബ്ലോക്കുതല പ്രവർത്തകയായി യുവജനമേഖലയിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്‌വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകൾ എന്ന ബഹുമതി പി.കെ. ശ്രീമതിക്കും ജോസഫൈനുമാണ്.
https://www.facebook.com/Malayalivartha