അച്ഛനെയും അമ്മയെയും വെട്ടികൊലപ്പെടുത്തിയ മകനെ തിരഞ്ഞ് പോലീസ്... അനീഷിനെയൊ ഇയാള്‍ ഓടിച്ചിരുന്ന വാഹനമൊ കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ്

കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍. തൃശ്ശൂര്‍ വെള്ളികുളങ്ങരയിലാണ് സംഭവം. കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട മകന്‍ അനീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോടാലി ഇഞ്ചക്കുണ്ട് റോഡില്‍ കുണ്ടു കവലയില്‍ കുണ്ടില്‍ വീട്ടില്‍ സുബ്രന്‍ (കുട്ടന്‍68), ഭാര്യ ചന്ദ്രിക(62) എന്നിവരെയാണു മകന്‍ അനീഷ് (38) വെട്ടിക്കൊന്നത്.
അനീഷിനെയൊ ഇയാള്‍ ഓടിച്ചിരുന്ന വാഹനമൊ കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നാണ് ആവശ്യം. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു മാവിന്‍തൈ നടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മകന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ റോഡിലേക്കിറങ്ങിയ ചന്ദ്രികയെ അനീഷ് മണ്‍വെട്ടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തി.
തുടര്‍ന്നു വീട്ടില്‍ മടങ്ങിയെത്തി വെട്ടുകത്തിയെടുത്തു നടുറോഡില്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ പിതാവ് സുബ്രനെയും സമാനരീതിയില്‍ വെട്ടിക്കൊന്നു. അനീഷിന്റെ ഏക സഹോദരിയും വിവാഹ മോചനത്തിനുശേഷം വീട്ടിലുണ്ട്. ഇവരുടെ വീട്ടിലെ വീട്ടുവഴക്കുമായി ബന്ധപ്പെട്ട് ഏതാനും പരാതികള്‍ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിലുണ്ട്.
കെ.എല്‍.എട്ട് പി 0806 എന്ന നമ്ബരിലുള്ള കറുപ്പും നീലയും നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്‌ബോള്‍ ഇളം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കരിനീല നിറത്തിലുള്ള ട്രൌസറുമായിരുന്നു വേഷം.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളിക്കുളങ്ങര പൊലീസിനെ അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു. പൊലീസ് എത്തും മുന്‍പെ അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. അനീഷും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകം നടക്കുമ്‌ബോള്‍ അനീഷിന്റെ സഹോദരി വീടിനുള്ളില്‍ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ് 5 വര്‍ഷമായി നാട്ടില്‍ എത്തിയിട്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന മൂര്‍ച്ചയുള്ള വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ക്രെ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും.
https://www.facebook.com/Malayalivartha