ജോസഫൈന് മറയുമ്പോള്‍... അവസാനം വരെയും കമ്മ്യൂണിസ്റ്റ്കാരിയായി പൊരുതി; മരണ ശേഷവും എങ്ങനെയെന്ന് നേരത്തെ ഉറപ്പിച്ചു; ജോസഫൈന്റെ ഭൗതിക ശരീരം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും; പലരുടേയും കണ്ണ് നിറഞ്ഞു

അടുത്തിടെ വിവാദങ്ങളില്‍പ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലും എം.സി. ജോസഫൈന് നഷ്ടമായിരുന്നു. ഇപ്പോഴിതാ മരണ ശേഷവും എല്ലാവരേയും അമ്പരപ്പിക്കുകയാണ്. അന്തരിച്ച സി.പി.എം. നേതാവ് എം.സി. ജോസഫൈന്റെ ഭൗതിക ശരീരം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനല്‍കുന്നത്. ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നത്. ഇന്ന് ഉച്ചക്ക് 2 ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് എം.സി.ജോസഫൈന്‍ വിടപറഞ്ഞത്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ആശുപത്രിയില്‍ എത്തിച്ചത്. സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അദ്ധ്യക്ഷയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു എം.സി. ജോസഫൈന്‍ (74). ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
ശനിയാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞു വീണത്. കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്റിലേക്ക് മാറ്റിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് വിയോഗവാര്‍ത്ത എത്തിയത്. 85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ട് 84 അംഗങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ജോസഫൈന്റെ പേരില്ല. ഇന്നുരാവിലെ 7 മുതല്‍ 8 വരെ ഭൗതിക ശരീരം സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് സി.എസ്.എ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. ജോസഫൈന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഇന്നുച്ചയ്ക്ക് രണ്ടോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കും.
വൈപ്പിന്‍ മുരിക്കുംപാടത്തെ പരേതരായ മാപ്പിളശേരി ശൗരോയുടെയും മഗ്ദലനത്തി?ന്റയും മകളാണ്. ഭര്‍ത്താവ് സി.ഐ.ടി.യു നേതാവായിരുന്ന പരേതനായ പി.എ. മത്തായി. മകന്‍: മനു പി. മത്തായി. മരുമകള്‍: ജ്യോത്സന.
2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2017 മുതല്‍ 21വരെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ എപ്പോഴും ജോസഫൈനെ വേട്ടയാടി. പി ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക ലൈംഗിക അതിക്രമ പരാതി നല്‍കിയ വിഷയത്തില്‍ മാധ്യമങ്ങളോട് തനിക്കെതിരെ പീഡനം ഉണ്ടായാലും ആദ്യം അറിയിക്കുക പാര്‍ട്ടിയെ ആയിരിക്കുമെന്ന് പറഞ്ഞത് വലിയ വിവാദമായി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രമ്യ കമ്മീഷന് നല്‍കിയ പരാതി അന്വേഷിക്കുക പോലും ചെയ്തില്ലെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
പരാതിയുമായി വരുന്നവരോട് അനുകമ്പയില്ലാതെ പെരുമാറുന്നുവെന്ന പഴി കുറേ കേട്ടു. 'എന്നാല്‍ അനുഭവിച്ചോ' എന്ന വാചകം അവരുടെ വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തന്നെ തെറിപ്പിച്ചു. എന്നും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ ശ്രമിച്ച ജോസഫൈന്റെ പ്രതികരണം പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.
ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴായിരുന്നു ജോസഫൈന്റെ രാജി. പരാതിക്കാരിയോട് ഈ രീതിയില്‍ പെരുമാറിയ സംഭവത്തില്‍ സിപിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല.
ഒരു വാര്‍ത്താ ചാനലില്‍ തത്സമയ പരിപാടിയിലാണ് പരാതി പറയാന്‍ വിളിച്ച യുവതിയോട് ജോസഫൈന്‍ ഇങ്ങനെ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ഇവര്‍ക്ക് പിന്തുണ കിട്ടിയില്ല. അതോടെയാണ് രാജിയില്‍ എത്തിയത്. ഭൗതിക ശരീരം പഠനാവശ്യത്തിന് മെഡിക്കല്‍ കോളേജിന് മൃതദേഹം വിട്ട് കൊടുത്ത് മരണ ശേഷവും അങ്ങനെ ജോസഫൈന്‍ ഓര്‍മകളില്‍ നിറയുന്നു.
" fra
https://www.facebook.com/Malayalivartha