പച്ചക്കറിക്ക് മാത്രമല്ല...അരിക്കും കേരളം കൈനീട്ടണം, കനത്ത വേനൽ മഴയിൽ 1511 ഹെക്ടര്‍ നെല്‍ച്ചെടി വെള്ളത്തിൽ, കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തിയില്ല, തിരുവല്ലയിൽ സാമ്പത്തിക പ്രതിസന്ധി കാരണം കര്‍ഷക ആത്മഹത്യ....!

വേനൽ മഴമൂലം ദുരിതത്തിലായിരുക്കുകയാണ് ആലപ്പുഴയിലെ നെൽകർഷകർ.ജില്ലയില്‍ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ വിവിധ കൃഷിഭവന്‍ പരിധികളില്‍ 1511 ഹെക്ടര്‍ നെല്‍ച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.പാടത്തെ കൊയ്ത് കൂട്ടിയ നെല്ല് വെള്ളത്തില്‍ മുങ്ങി.
തകഴി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കേളമംഗലം തെക്കേ തുണ്ടം പാടത്താണ് കൃഷി നാശം നേരിട്ടത്. കഴിഞ്ഞ ഏഴിന് 16 ഓളം കൊയ്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുത്ത നെല്ല് കരയ്ക്ക് കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ പാടത്ത് തന്നെ കൂട്ടിയിട്ടു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ നിനച്ചിരിക്കാതെ അതിശക്തമായ കാറ്റും പെരുമഴയും എത്തി.
മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല.പുലര്‍ച്ചെ ചില കര്‍ഷകര്‍ വെള്ളത്തില്‍ മുങ്ങിയ നെല്ല് വാരിക്കയറ്റി. ഒട്ടുമിക്ക കര്‍ഷകരുടേയും നെല്ല് ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
വെള്ളത്തില്‍ മുങ്ങാത്ത നെല്ല് മാത്രമാണ് മില്ലുടമകള്‍ സംഭരിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന നെല്ല് ഉണക്കി നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 80 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാടത്ത് ഇനിയും നിരവധി കര്‍ഷകരുടെ നെല്ല് കൊയ്‌തെടുക്കാനുണ്ട്. വേനല്‍ മഴയില്‍ കൃഷി നാശം തുടരുമ്പോഴും വിളവെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യമായ കൊയത്ത് യന്ത്രങ്ങളില്ല. 600 യന്ത്രങ്ങളാണ് ഇതിനായി ആവശ്യമായുള്ളത്. എന്നാല്‍ ഇപ്പോള്‍ 310 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
അതേസമയം തിരുവല്ല നിരണത്ത് സാമ്പത്തിക പ്രതിസന്ധി കാരണം നെൽകര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പാടത്തെ വരമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha