കൂടുതൽ സ്മാർട്ട് ആകാൻ ദുബായുടെ സർപ്രൈസ്; ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ഉപയോക്താക്കൾക്കു സൗജന്യ പെർമിറ്റിനായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനുള്ള അവസരവും അധികൃതർ ഒരുക്കി! ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നേടണം
ഏറെനാളായുള്ള കാത്തിരിപ്പിന് ശേഷം കൂടുതൽ സ്മാർട്ട് ആകാൻ ദുബായ് എത്തുകയാണ്. യാത്രകൾ കൂടുതൽ സുഗമമാക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് ഇത് സന്തോഷ വാർത്ത. ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നതായുള്ള റിപ്പോർട്ടുകളണ് പുറത്ത് വരുന്നത്. ഈ മാസം അവസാനത്തോടെ തന്നെ ദുബായ് ഇ-സ്കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, പ്രാദേശിക, രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഉള്ളവര്‍ക്കു പെർമിറ്റ് ആവശ്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഇത്തരത്തിൽ ഉപയോക്താക്കൾക്കു സൗജന്യ പെർമിറ്റിനായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. പരിശീലന കോഴ്സുകളിൽ പങ്കെടുക്കുകയും ഓൺലൈൻ പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കുക. ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നേടേണ്ടതുമുണ്ട്. സ്‌കൂട്ടർ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഓടിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ ആർടിഎ ക്യാംപെയിൻ ഉടൻ തന്നെ ആരംഭിക്കും.
ഈ മാസം 13 മുതൽ ദുബായിലുടനീളമുള്ള 10 ജില്ലകളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിക്കുന്നതാണ്. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ ട്രയൽ ഓപറേഷന്റെ വൻ വിജയത്തിനു ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ആർടിഎയും ദുബായ് പൊലീസും വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള്‍വാർഡ്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവയാണു പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റർ അൽ തായർ ചൂണ്ടിക്കാണിച്ചു. ഖിസൈസ്, മൻഖൂൽ, കരാമ എന്നിവിടങ്ങളിലെ നിർദിഷ്ട സോണുകൾക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും സൈഹ് അസ്സലാം, അൽ ഖുദ്ര, മെയ്ദാൻ എന്നിവയൊഴികെ ദുബായിലുടനീളമുള്ള സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി നിര്‍ദേശിച്ച 167 കിലോമീറ്റർ നീളമുള്ള ട്രാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്നാൽ നിർദ്ദിഷ്‌ട ജില്ലകളിലെ ഇ-സ്‌കൂട്ടർ വാടക രണ്ട് ഇന്റർനാഷണൽ (ടയർ ആൻഡ് ലൈം), രണ്ട് ലോക്കൽ (അർണാബ്, സ്കർട്ട്) എന്നിങ്ങനെ നാലു കമ്പനികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 2,000 ഇ-സ്‌കൂട്ടറുകളെങ്കിലും കമ്പനികൾ വിന്യസിക്കുമെന്നും അൽ തായർ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുകയാണ്. പരീക്ഷണ ഘട്ടത്തിൽ, നാല് ഓപറേറ്റർമാർക്കും 82 ശതമാനം വരെ ഉപഭോക്തൃ സംതൃപ്തി റേറ്റിങ് ലഭിക്കുകയും ചെയ്തിട്ടുള്ളതായി അധികൃതർ ചൂണ്ടിക്കാണിച്ചു.
ഇതുകൂടാതെ വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതോ റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കുന്നതോ ആയ ഇടങ്ങളിൽ ബൈക്കോ ഇ– സ്കൂട്ടറോ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ഈടാക്കയുന്നതായിരിക്കും. ദുബായിലെ ഇ-സ്കൂട്ടറുകൾ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം എന്ന കർശന നിർദ്ദേശവുമുണ്ട്. അനുവദനീയമായ പ്രദേശങ്ങളിൽ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുകയാണ്. അവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്ക് സമീപവുമാണ് ഉള്ളത്.
ചില നിബന്ധനകൾ:
–റൈഡർമാർ അവരെ തിരിച്ചറിയുന്ന വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കണം.
–ഇ–സ്കൂട്ടറിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
–മറ്റു വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.
- വെള്ള ഹെഡ്‌ലൈറ്റ്, ചുവപ്പ്, റിഫ്‌ളക്‌റ്റീവ് ലൈറ്റുകൾ എന്നിവ ഘടിപ്പിക്കുക.
- അപകടങ്ങൾ പൊലീസിലോ ആംബുലൻസിലോ ആർടിഎയിലോ റിപ്പോർട്ട് ചെയ്യണം.
- സൈക്ലിസ്റ്റുകളുംബൈക്ക് യാത്രക്കാരും എപ്പോഴും റോഡിന്റെ വലതുവശത്ത് വേണം യാത്ര ചെയ്യാൻ.
– പാത മാറ്റുന്നതിന് മുൻപു കൈ സിഗ്നലുകൾ നൽകുകയും സുരക്ഷിതമായി നീങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കുകയും വേണം.
- ബൈക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതും അനുവദനീയമല്ല.
- 16 വയസ്സിനു താഴെയുള്ളവർ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.
https://www.facebook.com/Malayalivartha