വേനൽ മഴ ചതിച്ചു..! സ്മാർട്ട് റോഡുകളുടെ പണി അവതാളത്തിൽ, മഴയിലും കാറ്റിലും നിർമാണ സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നിർമാണ സാമഗ്രികളും ഉൾപ്പെടെ കുഴികളിലേക്ക് വീണു...!! പല റോഡുകളിലും അപകടങ്ങൾ കെണികൾ...!

വേനൽ മഴ കനത്തത്തോടെ സംസ്ഥാനത്തുടനീളം വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൃഷി നാശത്തിന് പുറമേ മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടങ്ങി നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ സ്മാർട്ട് റോഡുകളുടെ പണിയും ആകെ അവതാളത്തിലാണ്. റോഡുകളുടെ നിർമാണം പൂർത്തീകരിക്കേണ്ട കാലാവധി പിന്നിട്ടിട്ടും പകുതി പണി പോലും തീർന്നിട്ടില്ല.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.), പൊതുമരാമത്ത് എന്നിവയുടെ റോഡുകളുടെ നിർമാണച്ചുമതല കെ.ആർ.എഫ്.ബി.ക്കാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾക്കുള്ള ഫണ്ട് നൽകുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഏജൻസിയെ നിയോഗിക്കാനുള്ള ചുമതലയും ബന്ധപ്പെട്ട റോഡുകളുടെ ചുമതലയുള്ളവർക്കാണ്.
കോവിഡ് വന്നതോടെ നിശ്ചിത തൊഴിലാളികളെ ഉൾപ്പെടുത്തി മാത്രമായിരുന്നു നിർമാണപ്രവർത്തനം. മഴ കാരണം ജിയോളജി വകുപ്പ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയതും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പും പദ്ധതി പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമായി. സ്വീവറേജ് പൈപ്പുകൾ കൂടി കടത്തിവിടാൻ നിർദേശം വന്നതോടെ നിർമാണം അവതാളത്തിലായി.
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിലാണ്.ഇത് ജനങ്ങളുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. മഴയിലും കാറ്റിലും നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നിർമാണ സാമഗ്രികളും ഉൾപ്പെടെ കുഴികളിലേക്ക് വീണു. മുന്നറിയിപ്പുകൾ ബോർഡുകൾ ഇല്ലാതായതോടെ പല സ്ഥലങ്ങളും അപകട കെണിയായി മാറിയിരിക്കുകയാണ്.
നിർമാണത്തിനായി കുഴിയിൽ നിന്ന് നീക്കിയ മണ്ണും ഇതിലേക്ക് ഒലിച്ചിറങ്ങിയ അവസ്ഥയിലാണ്. പത്തടിയിലേറെ താഴ്ചയിലാണ് പല സ്ഥലത്തും കുഴിയെടുത്തിരുന്നത്. എന്നാൽ മണ്ണും വെള്ളവും നിറഞ്ഞ് കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.സ്മാർട്ട് റോഡ് നിർമാണത്തിലെ വീഴ്ച പരിശോധിക്കാൻ സർക്കാർ ജില്ലാ കളക്ടർ അധ്യക്ഷയായ പ്രത്യേക സമിതിയെ മുൻപ് ചുമതലപ്പെടുത്തിയിരുന്നു.
ഓരോ ആഴ്ചയും കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി യോഗം ചേർന്ന് സ്മാർട്ട് റോഡ് നിർമാണപ്പുരോഗതി വിലയിരുത്തും. ഒരേ സമയം ധാരാളം റോഡുകൾ കുഴിക്കുന്നത് ഒഴിവാക്കും.ഗതാഗത ക്രമീകരണത്തിന് കൂടുതൽ പോലീസിനെ നിയോഗിക്കും.നിർമാണത്തിലെ അപാകത പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും.
https://www.facebook.com/Malayalivartha