ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തില്‍ ഇനിയും എത്ര പേര്‍... അമ്മായിയമ്മയുടെ ക്രൂരതകള്‍ ഓരോന്നായി പുറത്തുവരുന്നു;സുവ്യയുടെ ജീവിതം നരകതുല്യമായിരുന്നു?

കഴിഞ്ഞ ദിവസമാണ് കൊല്ലം എഴുകോണ്‍ കിഴക്കേകല്ലടയിലെ ഭര്‍തൃവീട്ടില്‍ സുവ്യയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. സുവ്യ ഒരു ബന്ധുവിന് ശബ്ദ സന്ദേശം അയയ്ച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. പക്ഷേ ആ ശബ്ദ സന്ദേശം സുവ്യയുടെ മരണം സംഭവിച്ച ശേഷമായിരുന്നു അവരുടെ ശ്രദ്ധയില്‍ പെട്ടത്.
ആ ശബ്ദ സന്ദേശം നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ ഒരു പക്ഷേ സുവ്യ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെത്തുടര്‍ന്നുള്ള മരണമെന്ന് സൂചനയുള്ള ശബ്ദ സന്ദേശവുമായിരുന്നു അത്.
മരണത്തിനു തൊട്ടു മുന്‍പ് പിതാവിന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്‌സാപില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മരണത്തിന് ഉത്തരവാദി ഭര്‍തൃമാതാവ് വിജയമ്മ ആണെന്നും ജോലിയില്ലാത്തതിന്റെ പേരില്‍ നിരന്തരം നേരിടുന്ന ആക്ഷേപം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടില്‍ സംരക്ഷിക്കണമെന്നും കരഞ്ഞു പറയുന്നത്.
9 ന് സ്വന്തം വീട്ടില്‍ നിന്നു തിരികെ പോയ സുവ്യയെ 10ന് രാവിലെ 8 ന് ഭര്‍ത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പുട് അജയ ഭവനത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മരണവിവരം അറിഞ്ഞ ശേഷമാണ് സുവ്യ അയച്ച ശബ്ദസന്ദേശം സുജാതയുടെ ശ്രദ്ധയില്‍പെട്ടത്.ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭര്‍തൃവീട്ടിലേക്കു മൃതശരീരം കൊണ്ടുപോകാന്‍ സുവ്യയുടെ ബന്ധുക്കള്‍ തയാറായില്ല.
സുവ്യയുടെ മരണവിവരം അറിഞ്ഞെത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാര്‍ തടഞ്ഞു തിരികെ വിട്ടതു മരണവീട്ടില്‍ നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 2014 ലായിരുന്നു സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. പെയിന്റിങ് തൊഴിലാളിയാണ് അജയകുമാര്‍. ആറുവയസ്സുകാരനായ ശ്രീപാദ് ഏകമകനാണ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുവ്യയും ഭര്‍തൃമാതാവ് വിജയമ്മയുമായി നിരന്തരം വഴക്കു നടന്നിട്ടുണ്ടെന്നും മരണം സംഭവിച്ച ദിവസം രാവിലെയും വഴക്കുണ്ടായി എന്നും അയല്‍വാസികളുടെ മൊഴിയുണ്ടെന്നും കിഴക്കേകല്ലട എസ്എച്ച്ഒ സുധീഷ് കുമാര്‍ പറഞ്ഞു. ജീവിതം മടുത്തു. എനിക്കിനി സഹിക്കാന്‍ വയ്യ. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയും. അയാള്‍ ഒരക്ഷരം മിണ്ടുന്നില്ല. നമ്മള്‍ ഇവിടുത്തെ വെറും ഏഴാംകൂലി. എന്നോട് ക്ഷമിക്കണം.
അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. മോനെ നോക്കാന്‍ പറയണം. എനിക്കിനി അവിടെ വന്നു നില്‍ക്കാന്‍ വയ്യ. എനിക്കു വയ്യ,മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണിത്. മരണത്തിന് തൊട്ടു മുന്‍പ് സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്‌സാപ് സന്ദേശത്തിലെ ചില വാചകങ്ങളാണിത്.
ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍തൃമാതാവ് വിജയമ്മ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും ജോലിയില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എംസിഎ പഠനം പൂര്‍ത്തിയാക്കിയ സുവ്യ ചില റാങ്ക് ലിസ്റ്റുകളില്‍ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല. പിഎസ്‌സി പരിശീലനം നടത്തിയിരുന്ന സുവ്യയോട് അത് അവസാനിപ്പിച്ച് തൊഴിലുറപ്പിനു പോകാനാണ് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞിരുന്നതെന്നു സഹോദരന്‍ വിഷ്ണു പറയുന്നു.
എഴുകോണിലെ വീട്ടില്‍ താമസിച്ച ശേഷം സുവ്യ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ അടിയും വഴക്കും പതിവായിരുന്നുവെന്ന് സുവ്യയുടെ സഹോദരന്‍ പറയുന്നു. ഭര്‍ത്താവ് മര്‍ദിച്ചിട്ട് കരഞ്ഞുകൊണ്ട് ചേച്ചി വിളിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകേട്ട് ഭര്‍തൃവീട്ടില്‍ നിന്നും സുവ്യയെ എഴുകോണിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് വീട്ടുകാരറിയാതെ സുവ്യയെ ഭര്‍ത്താവ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. അമ്മ പറയുന്നതു മാത്രമേ ഭര്‍ത്താവ് കേള്‍ക്കുകയുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സുവ്യയോട് ഭര്‍തൃമാതാവ് ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥി ആയിരുന്നു സുവ്യ. പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. പഠിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ലെന്ന് സുവ്യ പരാതിപ്പെട്ടിരുന്നു. അതേസമയം സംഭവത്തില്‍ കിഴക്കേകല്ലട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇനിയും ഇതുപോലുള്ള രാജമ്മമാരും അജയകുമാറുമാരും ഉണ്ടാകാതിരിക്കണമെങ്കില്‍ ഇവര്‍ക്ക് തക്ക ശിക്ഷ തന്നെ കൊടുക്കണം. അല്ലാത്ത പക്ഷം നമ്മുടെ പെണ്‍കുട്ടികള്‍ ഭര്‍തൃവീട്ടില്‍ എത്രമാത്രം സുരക്ഷിതരാണെന്ന് പറയാന്‍ പറ്റില്ല.
https://www.facebook.com/Malayalivartha