സായി ശങ്കറിന്റെ മൊഴി വിനയായി! രാമന്‍പിള്ള അസോസിയേറ്റ്‌സിന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു, ലാപ്‌ടോപ് അടക്കം ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശം, വക്കീല്‍ ആപ്പീസിന് ഉടന്‍ പൂട്ട് വീഴും?

നടിയാക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നിര്‍ണായക നീക്കമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ദിലീപിന് വേണ്ടി കേസുവാദിക്കുന്ന രാമന്‍പിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയത്.
സൈബര്‍ ഹാക്കര്‍ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിയ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഉടന്‍ തന്നെ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ് ടോപ് അടക്കമുള്ള അഞ്ച് ഡിജിറ്റല്‍ ഗാഡ്ജറ്റുകളാണ് ദിലീപിന്റെ അഭിഭാഷകര്‍ സായി ശങ്കറില്‍ നിന്ന് വാങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായ സായിശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞിരുന്നു. ആ സമയത്താണ് തന്റെ കൈയ്യിവല്‍ നിന്ന് അഭിഭാഷകര്‍ ഗാഡ്ജറ്റുകള്‍ വാങ്ങിയെന്ന കാര്യം സായി ശങ്കര്‍ വെളിപ്പെടുത്തിയത്. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ രേഖകളും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും നശിപ്പിച്ചത് എന്നാണ് സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതിജീവിത നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിക്കുന്നത്. കേസിലെ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ ആരോപണത്തെ തുടര്‍ന്ന് ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗണ്‍സിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കര്‍ പറഞ്ഞിരുന്നു.
അതേസമയം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നില്ല. അതിനിടെ കാവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.
അതേസമയം ഈ ഘട്ടത്തില്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. ഇതിനിടെ തന്നെ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്യരുതെന്ന ആവശ്യവുമായി കാവ്യാ മാധവന്‍ രംഗത്തെത്തി. കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ചോദ്യം ചെയ്യലിനായി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദേശം.
മാത്രമല്ല കഴിഞ്ഞ ദിവസം ഹാജറാകാന്‍ കഴിയാതിരുന്ന കാവ്യ ബുധനാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണു ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്.
മുമ്പും കാവ്യയെ വീട്ടിലാണ് ചോദ്യം ചെയ്തത്. ഇനിയത് വേണ്ടെന്നാണ് ക്രൈബ്രാഞ്ച് തീരുമാനം. കാവ്യ നിര്‍ബന്ധം പിടിച്ചതിനാല്‍ അന്വേഷണ സംഘം മറ്റ് വഴികള്‍ കൂടി ആലോചിച്ചു. അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.
https://www.facebook.com/Malayalivartha