ഗുരുവായൂര്‍ അമ്പലത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്... പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നര വരെയായിരുന്നു വിഷുക്കണി ദര്‍ശനം, കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നര വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഇന്നലെ രാത്രി കീഴ്ശാന്തിമാര്‍ ശ്രീലകത്ത് കണി കോപ്പുകള്‍ ഒരുക്കി വെച്ചു.
ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണയം എന്നിവയാണ് കണിവയ്ക്കുന്ന വസ്തുക്കള്‍.
പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയും കീഴ്ശാന്തിമാരും കുളിച്ചു വന്ന് ശ്രീലക വാതില്‍ തുറന്നു . നാളികേരം ഉടച്ച് തിരിയിട്ട് തെളിച്ച് ഓട്ടുരുളിയിലെ കണി കോപ്പുകള്‍ ഉയര്‍ത്തി പിടിച്ച് മേല്‍ശാന്തി കണ്ണനെ കണി കാണിച്ചു.
കെടാ വിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യില്‍ വിഷു കൈനീട്ടം നല്‍കി. ആലവട്ടവും വെഞ്ചാമരവും നെറ്റി പട്ടവും അലങ്കരിച്ച സ്വര്‍ണ പീഠത്തില്‍ കണിക്കോപ്പുകളും കണ്ണന്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ച് മുഖമണ്ഡപത്തില്‍ വെച്ചു. വിളക്കുകള്‍ തിരിനീട്ടി തെളിച്ച് എല്ലാവരും പുറത്തിറങ്ങി.
തുടര്‍ന്ന് ഭക്തര്‍ക്കുള്ള അവസരമായിരുന്നു. ഭക്തര്‍ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കി. ഇന്നത്തെ വിഷു വിളക്ക് സമ്പൂര്‍ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്.
അതേസമയം കണിക്കൊന്ന പൂത്തുലയുന്ന ഗൃഹാതുര സ്മരണകളുമായി വിഷുവിനെ വരവേറ്റ് ജനങ്ങള്‍....കണികണ്ടുണരാനും വിഷു കൈനീട്ടത്തിനും സദ്യയുണ്ണാനുമായി കണിവെള്ളരിയും പച്ചക്കറികള്‍, പായസക്കൂട്ടുകള്‍, കൃഷ്ണനു ചാര്‍ത്താന്‍ മഞ്ഞപ്പട്ട്, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയാണ് വിഷുവിനെ വരവേല്‍ക്കുന്നത്.
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. എന്നാല്‍ ഇപ്രാവശ്യം മേടം രണ്ടിനാണ് വിഷു. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം.
https://www.facebook.com/Malayalivartha
























