ആഘോഷമാക്കി നാട്... ഓടു പൊട്ടിയ ചെറിയ മണ്‍വീട് ചോര്‍ന്നൊലിക്കുന്ന ദിനങ്ങളില്‍ അമ്മ ഉറങ്ങിയിട്ടില്ല, ഞങ്ങള്‍ മക്കള്‍ നനയാതെ സുഖമായുറങ്ങാന്‍... ഓര്‍മ്മകള്‍ അയവിറക്കി അമ്മയുടെ നൂറാം പിറന്നാളിന് കാല്‍കഴുകി പൂജിച്ച് മോദി

ഏതൊരാള്‍ക്കും അമ്മയെന്നത് വിലമതിക്കാനാവാത്തതാണ്. നമ്മുടെ പ്രധാനമന്ത്രിയ്ക്കും അമ്മയെപ്പറ്റി പറയാനുള്ളത് നൂറ് നാവാണ്. ഇന്നലെ നൂറാം പിറന്നാള്‍ ആഘോഷിച്ച ഹീരാബെന്നിന്റെ കാല്‍ കഴുകി പൂജ ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്. ഓടു പൊട്ടിയ ചെറിയ മണ്‍വീട് ചോര്‍ന്നൊലിക്കുന്ന ദിനങ്ങളില്‍ അമ്മ ഉറങ്ങിയിട്ടില്ല, ഞങ്ങള്‍ മക്കള്‍ നനയാതെ സുഖമായുറങ്ങാന്‍... ചോര്‍ച്ചയുള്ള ഭാഗങ്ങളിലെല്ലാം അമ്മ ബക്കറ്റും പാത്രങ്ങളും നിരത്തിവയ്ക്കും. വെള്ളം നിറയുമ്പോള്‍ പുറത്തുകളഞ്ഞ് വീണ്ടും കാത്തിരിക്കും...
പ്രതികൂല സാഹചര്യങ്ങളില്‍ സഹിഷ്ണുതയുടെ പ്രതീകമായി മാറിയ അമ്മ, വരുമാനത്തിനായി പല വീടുകളിലും പാത്രങ്ങള്‍ കഴുകാനും ചര്‍ക്കകറക്കാനും പോയിട്ടുള്ളതും മോദി ഓര്‍മ്മിച്ചു.അമ്മ... അത് വെറുമൊരു വാക്കല്ല. വികാരങ്ങളുടെ ഒരു ശ്രേണിയാണ്. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം മോദി പങ്കുവച്ച വൈകാരിക കുറിപ്പില്‍ പറയുന്നു.
ഇന്നലെ രാവിലെ ഗുജറാത്ത് ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങി. പിന്നെ പാദങ്ങള്‍ കഴുകി പൂജ ചെയ്തു. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. വീടിനടുത്തുള്ള ക്ഷേത്രങ്ങളില്‍ പൂജകളും അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ അന്നദാനവും നടത്തി. ഇളയ മകന്‍ പങ്കജ് മോദിക്കൊപ്പമാണ് ഹീരാ ബെന്‍ താമസിക്കുന്നത്. മാര്‍ച്ചിലാണ് നരേന്ദ്ര മോദി അവസാനമായി അമ്മയെ സന്ദര്‍ശിച്ചത്.
ഹിരാബ മോദിയുടെ ആയുരാരോഗ്യങ്ങള്‍ക്കായി ജന്മഗ്രാമായ വഡനഗറില്‍ പ്രത്യേകചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഹത്‌കേശ്വറിലെ മഹാദേവക്ഷേത്രത്തില്‍ ഭജന, ശിവാര്‍ച്ചന തുടങ്ങിയവയ്‌ക്കൊപ്പം അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തില്‍ സമൂഹസദ്യയും ഉണ്ടായിരുന്നു.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അമ്മയാണ് എല്ലായ്‌പ്പോഴും പ്രചോദനമെന്ന് മോദി ബ്ലോഗില്‍ കുറിച്ചു. ലാളിത്യമാണ് എന്റെ അമ്മയുടെ മുഖമുദ്ര, അസാധാരാണ സ്ത്രീയാണ് അവര്‍. മറ്റു അമ്മമാരെ പോലെ. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അമ്മയാണ് എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനം. സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പിന്നില്‍ തനിക്ക് ശക്തിയായി നിന്നത് അമ്മയാണ്.
2001ല്‍ എന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തപ്പോള്‍ അമ്മ ഏറെ സന്തോഷവതിയായിരുന്നു. സര്‍ക്കാരില്‍ നിന്റെ ജോലി എന്താണ് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ നി ഒരിക്കലും കോഴ വാങ്ങരുത് എന്ന നിര്‍ബന്ധം എനിക്കുണ്ട്. പൊതുവേദിയില്‍ എന്റെ ഒപ്പം രണ്ടുതവണ മാത്രമാണ് അമ്മ പങ്കെടുത്തത്. ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2001ലും ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പാത ഉയര്‍ത്തിയ ശേഷം അഹമ്മദാബാദില്‍ മടങ്ങിയെത്തിയപ്പോഴുമാണ് അമ്മ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
അമ്മ ഉള്‍പ്പെടെ എല്ലാ അധ്യാപകരെയും ആദരിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ അമ്മ ഇത് നിരസിച്ചു. ഞാന്‍ ഒരു സാധാരണ വ്യക്തി മാത്രമാണ് എന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്. നിനക്ക് ജന്മം തന്നത് ഞാന്‍ ആണെങ്കിലും നിന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും ഈശ്വരന്‍ ആണ് എന്നാണ് അമ്മ അന്ന് പറഞ്ഞത്. അമ്മ അന്ന് ആ പരിപാടിയില്‍ പങ്കെടുത്തില്ല. എന്നാല്‍ എന്നെ അക്ഷരമാല പഠിപ്പിച്ച ജേതാഭായി ജോഷിയുടെ കുടുംബത്തില്‍ നിന്നുള്ള ആരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് അമ്മ പറഞ്ഞു. ദീര്‍ഘവീഷണമുള്ള അമ്മയുടെ പല പ്രവൃത്തികളും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു അമ്മയുടേതെന്നും മോദി ഓര്‍മ്മിക്കുന്നു.
https://www.facebook.com/Malayalivartha


























