ആദായനികുതി റെയ്ഡ്: ഒരാള്‍ ജീവനൊടുക്കി; രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ജൂവലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അടക്കം 5 ആദായനികുതി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റുചെയ്തു. ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ശൈലേന്ദ്ര മമ്മടി, ഓഫിസര്‍ ശരത് എന്നിവരെയാണു തിരുവനന്തപുരം സിബിഐ യൂണിറ്റ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അറസ്റ്റ്. വന്‍ ബിസിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഇവര്‍ നടത്തിയിരുന്നത്. പണം നല്‍കാത്തവരെ വിവിധ കാര്യങ്ങളും പേപ്പറുകളും ചോദിച്ച് വട്ടം ചുറ്റിക്കും. കിട്ടുന്ന പണം എല്ലാവരുമായി വീതംവെക്കും. ഏറ്റുമാനൂരെ പവ്വത്ത് ജൂവലറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശൈലേന്ദ്ര മമ്മടി അറസ്റ്റിലായത്. മമ്മടിയാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം.
ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇതിലൊരാളുടെ ബെനാമിയെന്നു സംശയിക്കുന്ന ഇടത്തറ സ്വദേശി കുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ശരത് നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ സിബിഐ കുമാറിനെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെ കുമാറിന്റെ വീട്ടിലും സിബിഐ പരിശോധന നടത്തി. ഇന്നലെ വൈകിട്ടു വീട്ടില്‍ തിരിച്ചെത്തിയ കുമാര്‍ മുറിയില്‍ കയറി വാതിലടച്ചു തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുമാര്‍ അടുത്ത കാലത്തായി വിവിധ ബാങ്കുകളില്‍ വന്‍ തുക നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ ഉദ്യോഗസ്ഥരെ സിബിഐ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. ശരത്തിന്റെ തിരുവനന്തപുരം പിടിപി നഗറിലെ വസതിയില്‍ ബുധനാഴ്ച രാത്രിയാണു സിബിഐ സംഘം പരിശോധനയ്‌ക്കെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു വരെ പരിശോധന നീണ്ടു. ഇവിടെ നിന്നു 18 കുപ്പി വിദേശമദ്യവും എട്ടു വെടിയുണ്ടയും കണ്ടെടുത്തു.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ അബ്കാരി ആക്ടില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. ഇയാള്‍ക്കു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഇല്ല. തോക്കും കണ്ടെത്തിയിട്ടില്ല. അയല്‍വാസിയായ റിട്ട. കേണല്‍ സമ്മാനിച്ച വെടിയുണ്ടകളാണു കണ്ടെടുത്തതെന്നു ശരത് സിബിഐ സംഘത്തോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha