അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്: മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യം അനുവദിച്ച് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി

ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന് ജാമ്യം. അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഷിഫാന് ജാമ്യം നൽകിയത്.
മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുൻപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ നിന്ന് പിന്മാറാൻ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പൊലീസിന് മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഷിഫാനെ താമസസ്ഥലത്ത് നടത്തിയ റെയ‍്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ചതായിരുന്നോ പണം എന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു.
കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രതികൾക്ക് വേണ്ടി പ്രദേശവാസിയായ അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മധുവിന്റെ അമ്മ മല്ലി പരാതി നൽകിയിരുന്നത്. കേസ് പിൻവലിച്ചാൽ പുതിയ വീട് കെട്ടിത്തരാമെന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു.
ശേഷം അത് ഭീഷണിയായി. ഭീഷണി കാരണം താമസം പോലും മാറേണ്ട സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന് ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ ഉത്തരവ് ഇട്ടതും.
https://www.facebook.com/Malayalivartha























