ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാധിക്ഷേപം, അധ്യാപകനെതിരെ പോക്‌സോ കേസ്, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും അധ്യാപകൻ ഒളിവിലാണെന്നും പൊലീസ്

എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം. ഇടുക്കിയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. കഞ്ഞിക്കുഴി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകനായ പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കഞ്ഞിക്കുഴി സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് ക്യാമ്പ് നടത്തിയത്. ആഗസ്റ്റ് 12 മുതൽ 18 വരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട സ്കൂളിൽ എൻ.എസ്.എസ്. ക്യാമ്പ് നടന്നത്. പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.
ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹപാഠിയെ സമീപിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകന്‍ പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ് സഹവിദ്യാര്‍ത്ഥി അധ്യാപകനോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്.
തുടർന്നാണ് വിദ്യാര്‍ത്ഥിയോട് ഇയാള്‍ ക്ഷമാപണം നടത്തുന്നത്. അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ ആരും പരാതി നല്‍കാന്‍ മുന്നോട്ട് വന്നിരുന്നില്ല. പിന്നീട് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. ഇതില്‍ അന്വേഷണം ആരംഭിച്ചതോടെ അധിക്ഷേപത്തിനിരയായ കുട്ടികളെ കണ്ടെത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നത്. അധ്യാപകൻ ഒളിവിലാണെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























