അടിമുടി ദുരൂഹത... ചിന്നക്കനാല്‍ 301 കോളനിയില്‍ കണ്ട യുവാവിന്റെ മൃതദേഹം ജനലില്‍ ഇരുമ്പുതുടലില്‍ ബന്ധിച്ചനിലയില്‍; കത്തിക്കരിഞ്ഞ മൃതദേഹത്തിനു ചുറ്റും കത്തിയിട്ടില്ല; സമീപം മണ്ണെണ്ണക്കന്നാസ്, ചൂരല്‍വടി; മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല

ചിന്നക്കനാല്‍ 301 കോളനിയിലെ യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത. സ്വന്തം വീടിന്റെ ജനലില്‍ തുടലില്‍ ബന്ധിച്ചനിലയില്‍ കത്തിക്കരിഞ്ഞു കാണപ്പെട്ട 23കാരന്‍ തരുണിന്റെ മരണത്തില്‍ ദുരൂഹതയേറുകയാണ്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വയം മരിച്ചതല്ലെന്നും അപായപ്പെടുത്തിയതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കോളനിയില്‍ വീടിനോടു ചേര്‍ന്നു നായയെ പൂട്ടുന്ന തുടലില്‍ കെട്ടിത്തൂക്കിയ നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 301 കോളനി സ്വദേശി തരുണിനെയാണു വെള്ളിയാഴ്ച വൈകിട്ട് 6നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്തു ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു ശാന്തന്‍പാറ പൊലീസ് അറിയിച്ചു. മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാന്‍ കാരണമായെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണു പൊലീസ് നല്‍കുന്ന വിവരം.
ഇതിനിടെ തരുണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്തുവന്നു. സംഭവത്തിനു ശേഷം ഇവിടെ നിന്നു പോയ തരുണിന്റെ അമ്മയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നക്കനാല്‍ സ്വദേശിയായ ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. തരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവര്‍ക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
വീടിന്റെ ജനലില്‍ ഇരുമ്പുതുടലില്‍ ബന്ധിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം തരുണിന്റെ അമ്മയായ സാറാമ്മ വസ്ത്രങ്ങള്‍ അലക്കുന്നതിനായി പോയിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. മുത്തശ്ശിക്ക് 301 കോളനിയില്‍ പതിച്ചുകിട്ടിയ സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
വീട്ടില്‍ മറ്റൊരുവ്യക്തിയും താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. വീടിനുസമീപത്തുനിന്നു കണ്ടെത്തിയ മണ്ണെണ്ണക്കുപ്പി സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
ഈ വീട്ടിലോ അടുത്ത വീടുകളിലോ മണ്ണെണ്ണയില്ലെന്നാണ് മുന്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍ പറയുന്നത്. മാത്രമല്ല സംഭവംനടന്ന വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ ആരും തന്നെ സംശയം ജനിപ്പിക്കുന്ന ശബ്ദമൊന്നും കേട്ടിട്ടില്ലെന്നും പറഞ്ഞു. പ്രദേശത്തെ മറ്റു വീടുകള്‍ സ്ഥിതിചെയ്യുന്നത് വളരെ ദൂരെയാണ്. സംഭവദിവസം രാവിലെ ഒന്‍പതു മണിയോടുകൂടി തരുണ്‍ അമിത വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതു കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
ഫൊറന്‍സിക് വിവരങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാലെ സംഭവത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് ശാന്തന്‍പാറ പോലീസ് പറഞ്ഞു. തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാര്‍ കാണുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇയാളെ പുറത്തു കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തരുണിന്റെ വീട്ടില്‍ നിന്നു 100 മീറ്റര്‍ താഴെ തൊഴിലാളികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നും ഇവര്‍ പറയുന്നു. മൃതദേഹം തുടലില്‍ പൂട്ടിയിട്ടതിനു സമീപത്തു നിന്നു മണ്ണെണ്ണക്കന്നാസും ചൂരല്‍വടിയും കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു.
മരിച്ച തരുണ്‍ ഹൃദ്‌രോഗബാധിതനായിരുന്നു. തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























