മാധ്യമ പ്രവര്‍ത്തകന്‍ മരിക്കുമ്പോള്‍ മാത്രം പോരാ ഇത്...

മാതൃഭൂമിയുടെ ന്യൂസ് ക്യാമറാമാന്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള തീരുമാനത്തില്‍ നിന്നും മന്ത്രിയും സര്‍ക്കാരും പിന്നോട്ടില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടറെ ഘരാവോ ചെയ്യാനെത്തിയ ഡോക്ടര്‍മാര്‍ പിന്‍മാറിയില്ലെങ്കില്‍ അവരെ അറസ്റ്റു ചെയ്തു നീക്കാന്‍ വരെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇത്രയുമധികം നടപടികള്‍ യഥാസമയം സ്വീകരിച്ച സര്‍ക്കാരിനെ അഭിനന്ദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.
എന്നാല്‍ ചികിത്സാപ്പിഴവ് കാരണം നമ്മുടെ ആശുപത്രികളില്‍ ദിവസേനെ എത്രയധികം മനുഷ്യരാണ് മരിക്കുന്നത്. അവര്‍ അപ്രശസ്തരും അപ്രസക്തരും ആയതിനാല്‍ പലരും അറിയുന്നില്ലെന്ന് മാത്രം. രോഗികള്‍ക്ക് കുറിച്ചു നല്‍കുന്ന ഗുളികകള്‍ മുതല്‍ യഥാസമയം ഇഞ്ചക്ഷന്‍ നല്‍കാത്തത് വരെ മരണകാരണമാകുന്നുണ്ട്. പലപ്പോഴും കാഷ്വാലിറ്റികളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കാറില്ല, ഹൗസ് സര്‍ജന്മാരെ കാഷ്വാലിറ്റി ഏല്‍പ്പിച്ച് പലരും വീട്ടില്‍ പോകാറാണ് പതിവ്. ചികിത്സാപിഴവ് കാരണം മരിച്ചാലും ഡോക്ടര്‍മാര്‍ അക്കാര്യം പുറത്തു പറയുന്നില്ല. ഇത്തരത്തിലുണ്ടാകുന്ന മരണങ്ങളെ കുറിച്ച് ഇപ്പോള്‍ ഘോരഘോരം പ്രസംഗിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മിണ്ടാറുകൂടിയില്ല.
കാഷ്വാലിറ്റിയില്‍ കുറഞ്ഞത് നാലു ഡോക്ടര്‍മാരുടെയെങ്കിലും സേവനം ആവശ്യമാണെന്നിരിക്കെ ഒരാള്‍ പോലും പലപ്പോഴും ഉണ്ടാകാറില്ല. ഉളളവര്‍ ആകട്ടെ പ്രവൃത്തി പരിചയം കുറഞ്ഞവരുമായിരിക്കും. ചികിത്സിക്കാനെത്തുന്നവര്‍ക്ക് ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അപമര്യാദയോടെ പെരുമാറുന്ന സംഭവങ്ങളും സാധാരണമാണ്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് സര്‍ക്കാര്‍ കാണിച്ചത് ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനമാണ്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ മാത്രമാകരുത്. സാധാരണക്കാരന്റെ ജീവനും കേരളത്തില്‍ വിലയുണ്ടെന്നോര്‍ക്കണം.
ചികിത്സാ പിഴവ് കണ്ടെത്താനുള്ള ശാസ്ത്രീയ വഴികള്‍ ഇല്ലാത്തത് ഡോക്ടര്‍മാര്‍ക്ക് അനുഗ്രഹമായി തീരും. കാരണം അന്വേഷണം ഏല്‍പ്പിക്കുന്നത് സഹപ്രവര്‍ത്തകരെയാണല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha