ചന്ദ്രബോസിനെയോര്‍ത്ത് പൊട്ടിക്കരഞ്ഞ് രണ്ടാം സാക്ഷി അജീഷ്, കോടതിയില്‍ രമന്‍പിള്ള ഉദയഭാനു പോരാട്ടം

ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം സെക്യൂരിറ്റി ക്യാബിനുള്ളില്‍ കയറി ക്രൂരമായി മര്‍ദിക്കുന്നതും കാറിടിപ്പിച്ചു വീഴ്ത്തുന്നതും നേരിട്ടു കണ്ടുവെന്നു രണ്ടാം സാക്ഷി അജീഷ് കോടതിയില്‍ കോടതിയില്‍ മൊഴി നല്‍കി. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചവരിലൊരാളായ അജീഷ് മൊഴി നല്‍കിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അജീഷ് മൊഴി നല്‍കിയത്. പ്രതിഭാഗം വക്കീലായ രാമന്‍പിള്ളയുടെ ചോദ്യങ്ങള്‍ക്കുന്നില്‍ പതറാതെ പിടിച്ച് നില്‍ക്കാനും അജീഷിനായി.
ജനുവരി 29നു പുലര്‍ച്ചെ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചതുമുതലുണ്ടായ സംഭവങ്ങള്‍ അജീഷ് വിവരിച്ചു. \'നിഷാം എന്നെയും ചന്ദ്രബോസേട്ടനെയും തല്ലുന്നെന്നും ഓടിവായോ\'യെന്നും ഒന്നാംസാക്ഷി ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണു സംഭവസ്ഥലത്തെത്തിയത്. ഓഫീസിലായിരുന്ന ഞാന്‍ ഓടിയെത്തുമ്പോള്‍ ഔട്ടര്‍ ഗേറ്റിലൂടെ കമ്പനിയുടെ പിക്കപ് വാന്‍ വരുന്നുണ്ടായിരുന്നു. വാഹനത്തില്‍ സഹപ്രവര്‍ത്തകരായ കിങ്‌സിലിയും ഹസനാരുമുണ്ടായിരുന്നു. രണ്ടു വടികള്‍കൊണ്ട് സെക്യൂരിറ്റി ക്യാബിന്റെ ജനല്‍ അടിച്ചുപൊളിച്ച് പൊട്ടിയ ജനലിലൂടെ നൂഴ്ന്നുകടന്ന് നിഷാം അകത്തുണ്ടായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിച്ചു. ക്യാബിന്റെ ഉള്ളിലെ വസ്തുക്കള്‍ നശിപ്പിച്ചു. നിഷാം ചന്ദ്രബോസിനെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ചില്ലുകൊണ്ട് പോറി വരച്ചു. ജനലിലൂടെ പുറത്തേക്കു വന്ന നിഷാം, ഹമ്മര്‍ കാറിനടുത്തേക്ക് പോയി. ഇതു ശോഭാ സിറ്റിയുടെ അകത്തേക്കു പോകാനുള്ള ഇരുമ്പുഗേറ്റിന്റെ അടുത്താണു കിടന്നത്.
ഈസമയം \'ചന്ദ്രബോസേട്ടാ വേഗം രക്ഷപ്പെടൂ, നിഷാം കാറിനടുത്തേക്ക് പോയിട്ടുണ്ട്\' എന്ന് അനൂപ് വിളിച്ചു പറഞ്ഞു. ബോസേട്ടന്‍ ജനലിലൂടെ പുറത്തുവന്നു ഫൗണ്ടന്റെ അരികിലേക്ക് പോയി. ഇതു കണ്ട് ഓടിവന്ന നിഷാം തന്നെയും അസനാരെയും കണ്ടു \'പിടിക്കെടാ അവനെ\' എന്നു ഞങ്ങളോടായി പറഞ്ഞു. \'നിന്നെ ശരിയാക്കിത്തരാമെടാ, നിന്നെ വണ്ടിയിടിപ്പിച്ചു കൊല്ലുമെന്നു\' ബോസേട്ടനോട് പറഞ്ഞ് കാറിനടുത്തേക്ക് ഓടി. ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു ഹമ്മര്‍ കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്തു. ചന്ദ്രബോസേട്ടന്‍ പോയ വഴിയിലൂടെ അതിവേഗം മുന്നോട്ടെടുത്തു. രണ്ടു സെക്കന്‍ഡ് നിര്‍ത്തി, ചന്ദ്രബോസേട്ടന്‍ പോയ സ്ഥലം ലക്ഷ്യമാക്കി കാര്‍ ഇടിച്ചുകയറ്റി.
ബോസേട്ടന്‍ ഫൗണ്ടന്റെ കര്‍വില്‍ നിന്നിരുന്നു. തുടര്‍ന്ന് ചന്ദ്രബോസേട്ടനെ കാറിടിപ്പിച്ചു തെറിപ്പിക്കുന്നതും കണ്ടു. പിന്നീട് ബോസേട്ടനെ രക്ഷപ്പെടുത്താന്‍വേണ്ടി ആംബുലന്‍സ് എടുക്കാന്‍പോയി. ആംബുലന്‍സില്‍ കമ്പനിയിലെ ഓട്ടോ ഇലക്ട്രീഷ്യനായ കിങ്‌സിലിയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഔട്ടര്‍ ഗേറ്റിലൂടെ പോകുന്നതിനിടയില്‍ അവിടെ വെളുത്ത ജഗ്വാര്‍ കാര്‍ നിന്നിരുന്നു. അതില്‍നിന്ന് ഒരു സ്ത്രീ ഇറങ്ങി.
ഇതേസമയം ഇന്നര്‍ ഗേറ്റിലൂടെ ഹമ്മര്‍ കാര്‍ ഭയങ്കരശബ്ദത്തോടുകൂടി വരുന്നുണ്ടായിരുന്നു. നിഷാമാണ് ഓടിച്ചിരുന്നത്. നിഷാമിന്റെ ഭാര്യയായ അമല്‍ എന്ന സ്ത്രീ ഹമ്മറിനടുത്തെത്തി എന്തോ സംസാരിച്ചു.
നിഷാമിനോട് ചേര്‍ന്നു കാറിന്റെ ഇടതുഭാഗത്ത് കയറി. കാര്‍ ഫ്‌ളാറ്റ് ലക്ഷ്യമാക്കി പാഞ്ഞു. ബോസേട്ടന്‍ ഫൗണ്ടനരികില്‍ ഉണ്ടാകുമെന്നു കരുതി അവിടേക്ക് പോയി. ബോസേട്ടനെ നിഷാം കാറില്‍ കയറ്റി കൊണ്ടുപോയതായി അവിടെയുണ്ടായിരുന്നഅനൂപ് പറഞ്ഞു. പിന്നീട് പാര്‍ക്കിങ് ഏരിയയില്‍വച്ചാണു ഗുരുതരമായ പരുക്കേറ്റ നിലയില്‍ ബോസേട്ടനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയതും പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതും സ്‌റ്റേഷനിലും മജിസ്‌ട്രേറ്റിനു മുന്നിലും നല്‍കിയ മൊഴികളും മറ്റും വിശദീകരിച്ചു.
പൊലീസിനും മജിസ്‌ട്രേറ്റിനു മുന്നിലും നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നും പൊലീസിന്റെ പ്രേരണ പ്രകാരം കളവായി കാര്യങ്ങള്‍ പറയുന്നതല്ലെന്നായിരുന്നു ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ താന്‍ കണ്ടതും സത്യവുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും അജീഷ് പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.പി. ഉദയഭാനുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. രാമന്‍ പിള്ളയും കോടതിയില്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha