കളക്ടര്‍ ഭരിച്ചു തുടങ്ങി…രാഷ്ട്രീയക്കാര്‍ മടിച്ചത് ബിജു പ്രഭാകര്‍ നടപ്പാക്കി; ഭരണം കിട്ടിയ കളക്ടര്‍ ആദ്യം അഴിക്കുന്നത് ഒരിക്കലും മാറാത്ത തലസ്ഥാനത്തെ ഗതാഗത കുരുക്ക്

തിരുവനന്തപുരം നഗരത്തിലെ നീറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍. തിരുവനന്തപുരം കോര്‍പറേഷനും രാഷ്ട്രീയക്കാരും ഇടപെടാന്‍ ഒരു പോലെ മടിച്ചു നിന്ന സ്ഥാനത്താണ് അധികാരം കിട്ടിയപ്പോള്‍ ബിജു പ്രഭാകര്‍ ശക്തമായി ഇടപെട്ടത്. കഴിഞ്ഞ മുപ്പത്തിഒന്നാം തീയതിയോടു കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അതത് സ്ഥലത്തുള്ള പ്രമുഖ ഉദ്യോഗസ്ഥരാണ് ആ സ്ഥാപനങ്ങളുടെ ഭരണം നടത്തുന്നത്. അങ്ങനെയാണ് തിരുവനന്തപുരം കോര്‍പറേഷന്റെ അഡ്മിനിസട്രേറ്റീവ് മേധാവിയായി ബിജു പ്രഭാകര്‍ നിയമിതനായത്.
നിലവില്‍ തിരുവനന്തപുരം ജില്ലാ ഭരണാധികാരിയും ജില്ലാ മജിസ്‌ട്രേട്ട് കൂടിയാണ് ബിജു പ്രഭാകര്‍. ഇനി പുതിയ ഭരണ സമിതി വരുന്നതുവരെ നഗരത്തിന്റെ ചുമതല ബിജു പ്രഭാകറിനായിരിക്കും. അതായത് കേവലം രണ്ടാഴ്ച മാത്രമായിരിക്കും ബിജു പ്രഭാകറിന് ഈ അധികാരം. ഭരണം കിട്ടിയ തുശ്ചമായ ദിവസങ്ങള്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജു പ്രഭാകര്‍.
അതില്‍ ആദ്യത്തേതാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമം. രാഷ്ട്രീയക്കാര്‍ മുഖം തിരിച്ച സ്ഥലത്താണ് കളക്ടര്‍ വിജയം കൈവരിക്കാന്‍ പോകുന്നത്. വ്യക്തമായ പ്ലാനോടെയാണ് കളക്ടര്‍ തലസ്ഥാന നഗരത്തിന്റെ മുഖം മാറ്റുന്നത്.
അനധികൃത പാര്‍ക്കിംഗ് മൂലം മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസം നില്‍ക്കുന്ന എല്ലാ വാഹനങ്ങളേയും പിടികൂടാനാണ് ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ തീരുമാനം. പാളയം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള എം.ജി.റോഡിലെ അനധികൃത പാര്‍ക്കിങ് മൂലമുള്ള ഗതാഗത തിരക്ക് ഒഴിവാക്കാന്‍ കര്‍ശന നടപടികളെടുക്കും. നവംബര്‍ ആറ് മുതല്‍ രാവിലെ എട്ടിനും രാത്രി എട്ടിനുമിടയില്‍ എം.ജി. റോഡില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തും.
നിരോധിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാര്‍ക്കിങ്ങിന് ഇരുചക്രവാഹനങ്ങളില്‍ നിന്ന് മണിക്കൂറില്‍ രണ്ടുരൂപയും നാലുചക്രവാഹനങ്ങളില്‍നിന്ന് പത്തു രൂപയും ഈടാക്കാനാണ് തീരുമാനം. സമയപരിധി കഴിഞ്ഞാല്‍ അധിക തുക ഈടാക്കും. ഇതിനായി എം.ജി. റോഡില്‍ ഓരോ ഇരുനൂറു മീറ്ററിനുള്ളിലും ട്രാഫിക് വാര്‍ഡനെ പാര്‍ക്കിങ് മേല്‍നോട്ടക്കാരനായി നിയമിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇത് വിജയകരമായാല്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെ സഹകരണത്തോടെ സ്ഥിരമായി നടപ്പാക്കും.
പോലീസിന്റെ കൂടി സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഈ ട്രാഫിക് വാര്‍ഡന്‍മാര്‍ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. തോന്നുന്ന പോലെ വാഹനങ്ങള്‍ റോഡില്‍ കളഞ്ഞിട്ട് പോകുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ നന്ന്. കാരണം ഇനി രാഷ്ട്രീയക്കാര്‍ വിളിച്ചു പറഞ്ഞാല്‍ രക്ഷയില്ല. പണി ഉടനേ കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha