കാട്ടിശ്ശേരി പുതുശ്ശേരികളത്തിലെ ഇജാസ് മന്‍സിലില്‍ ഇനി ഇജാസ് മാത്രം

ദേശീയപാതയില്‍ പുതുക്കാടിനടുത്തു നന്തിക്കരയില്‍ വാഹനം വെള്ളക്കെട്ടില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചപ്പോള്‍ അവശേഷിച്ചത് എട്ടു വയസ്സുകാരന്‍ ഇജാസ് മാത്രം.
ആലത്തൂര്‍ കാട്ടുശേരി പുതുശേരി കളത്തില്‍ ഇസ്മയില്‍(70), ഭാര്യ ഹവ്വാ ഉമ്മ (63), മകന്‍ ഇസ്ഹാക് (40), ഭാര്യ ഹൗസത്ത്(32), ഇവരുടെ മകള്‍ ഇര്‍ഫാന(മൂന്നര), ഇസ്മയിലിന്റെ മകള്‍ ആമിനക്കുട്ടിയുടെ ഭര്‍ത്താവ് അടിപ്പെരണ്ട സ്വദേശി മന്‍സൂര്‍ (40), കാര്‍ ഡ്രൈവര്‍ ആലത്തൂര്‍ വാനൂര്‍ രക്കന്‍കുളം കൃഷ്ണപ്രസാദ്(35) എന്നിവരാണു മരിച്ചത്.
വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ കാറിന്റെ പിന്‍വശത്ത് ഗള്‍ഫില്‍നിന്നെത്തിയ ബാപ്പ കൊണ്ടുവന്ന വലിയ ബാഗിനുമുകളില്‍ കുടുങ്ങിക്കിടക്കുകയായിരന്നൂ ഇജാസ്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു അപകടം. ഖത്തറില്‍നിന്നു വന്ന ഇസ്ഹാക്കിനെ സ്വീകരിക്കുന്നതിനു വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് ഇസ്മയിലും കുടുംബവും നെടുമ്പാശേരിയിലേക്കു പോയത്.
പുലര്‍ച്ചെ നാലോടെ മടങ്ങുംവഴി കുടുംബം സഞ്ചരിച്ചിരുന്ന സുമോ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്ന് ഒരു മണിക്കൂറു കഴിഞ്ഞാണ് അതുവഴി വന്ന മീന്‍വില്പനക്കാര്‍ കാറിന്റെ ചില്ലു തകര്‍ത്ത് കുട്ടിയെ പുറത്തെടുത്തത്. ശ്വാസം നിലച്ചിട്ടില്ലെന്നു മനസ്സിലായപ്പോള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
വെള്ളിയാഴ്ച രാവിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇജാസിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു ഡോക്ടര്‍മാരും നഴ്‌സുമാരും.
അപകടത്തില്‍ ഇജാസിന്റെ ഉമ്മയും ബാപ്പയും കുഞ്ഞനിയത്തിയും വല്ല്യുമ്മയും വല്ല്യുപ്പയും അമ്മാവനുമാണ് മരിച്ചത്. ചോക്ലേറ്റുകളും ബിസ്‌കറ്റുകളും നല്‍കിയിട്ടും ഇജാസ് കരച്ചിലടക്കിയില്ല. എന്താണ് നടന്നതെന്ന് ഓര്‍മ്മയില്ല. ആശുപത്രിയില്‍ എത്തിയപ്പോഴാകട്ടെ, അറിയുന്നവരാരുമില്ല.
ഒരു മണിയോടെ അമ്മാവനെത്തിയപ്പോഴാണ് ഇജാസിന്റെ ശ്വാസം നേരെ വീണത്. അമ്മാവന്റെ കൈയും പിടിച്ച് ജൂബിലി മിഷന്റെ പടികളിറങ്ങുമ്പോള്‍ കരഞ്ഞുതളര്‍ന്ന കണ്ണുകളില്‍ ഇത്തിരി ആശ്വാസം. വീട്ടിലെത്തിയാല്‍ ഗള്‍ഫില്‍നിന്നുവന്ന ബാപ്പയെയും ഒപ്പം ഉമ്മയെയുമൊക്കെ കാണാമെന്ന പ്രതീക്ഷ. തന്നെ തനിച്ചാക്കി അവരെല്ലാം പോയെന്ന് അവനറിയില്ലല്ലോ!.
മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീടുകളിലെത്തിച്ചു. കൃഷ്ണപ്രസാദിന്റെ മൃതദേഹം വൈകുന്നേരം അഞ്ചിനു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha