ജോര്‍ജ്ജിനെയും പിള്ളയെയും സിപിഎം ചതിച്ചു, വീരന് ഗംഭീര സ്വീകരണമൊരുക്കാന്‍ ഇടതുമുന്നണി,വായ തുറക്കില്ലെങ്കില്‍ ജോര്‍ജിനെ എടുക്കും

യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിന്റെ പടിവാതിലില്‍ മുന്നണി പ്രവേശനത്തിനായി കാത്തുനില്‍ക്കുന്ന പാര്‍ട്ടികളുടെ ശക്തിയില്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും സംശയം. കേരളാ കോണ്‍ഗ്രസ്-ബി, പി.സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍, ജെ.എസ്.എസ് ഗൗരി അമ്മ, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം എന്നിവരുടെ ശക്തി പഴയപോലെയില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ആര്‍.ബാലകൃഷ്ണപിള്ളയെ ഒപ്പം ചേര്‍ത്ത് കൊട്ടാരക്കരയില്‍ പരീക്ഷണം നടത്തിയെങ്കിലും അത് പാളിപ്പോയെന്നാണ് വിലയിരുത്തല്‍. പിള്ളയുടെ തട്ടകമായ കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബി മത്സരിച്ച എട്ട് സീറ്റില്‍ ആറിടത്തും തോല്‍വി നേരിട്ടു. ഒന്നോ രണ്ടോ വാര്‍ഡുകളില്‍ വ്യക്തിപരമായ സ്വാധീനത്തിനപ്പുറം ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷ്‌കുമാറിനും ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബാലകൃഷ്ണപിള്ളയുടെ മുന്നണി പ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫും സി.പി.എമ്മും വീണ്ടുവിചാരത്തിന് തയാറായിരിക്കുകയാണ്.
ജെ.എസ്.എസിന്റെ സ്ഥിതി അതിലും ദയനീയമാണ്. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ അഞ്ച് അംഗങ്ങളെ മാത്രം വിജയപ്പിക്കാനാണ് കഴിഞ്ഞത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരിടത്തുപോലും ജെ.എസ്.എസിനെകൊണ്ട് ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ല. ഗൗരിയമ്മയ്‌ക്കോ, പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കള്‍ക്കൊ ഒരു ജനകീയ അടിത്തറയില്ലെന്നും ഇതോടെ വ്യക്തമായി. സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന് വലിയ ശക്തിയുണ്ടെന്നും വടക്കന്‍ ജില്ലകളില്‍ നിര്‍ണ്ണയകമായ സഹായം മുന്നണിക്ക കിട്ടുമെന്നും സി.പി.എം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പാര്‍ട്ടി സ്ഥാപകന്‍ എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജ പോലും തോറ്റു. പലയിടത്തായി എട്ടുപേര്‍ ജയിച്ചതായി കെ.ആര്‍. അരവിന്ദാക്ഷന്‍ പറയുന്നുണ്ടെങ്കിലും ഏതൊക്കെ മണ്ഡലങ്ങള്‍ എന്നുചോദിച്ചാല്‍ പലവട്ടം ആലോചിക്കേണ്ടിവരും. ജെ.എസ്.എസിനും, സി.എം.പിക്കും പാര്‍ട്ടികളിലുണ്ടായ പിളര്‍പ്പ് മുഴുവന്‍ ശക്തിയും ചോര്‍ത്തി എന്നതാണ് വാസ്തവം.
കൂട്ടത്തില്‍ ഭേദം പി.സി ജോര്‍ജും കേരളാകോണ്‍ഗ്രസ് സെക്കുലറുമാണെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. പൂഞ്ഞാര്‍ മണ്ഡലത്തിലെ ചിലയിടങ്ങളിലെങ്കിലും ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ അക്കൗണ്ട് തുറന്നു. പ്രഥമ ഈരാറ്റുപേട്ട നഗരസഭയില്‍ കൂടുതല്‍ സീറ്റ് നേടിയ കക്ഷിയാകാന്‍ എല്‍.ഡി.എഫിന് ഈ ബന്ധം സഹായകരമായി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായത്തിന്റെ ബലത്തില്‍ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം അത്ര എളുപ്പമാകാനിടയില്ല. അതിന് തടസ്സം നില്‍ക്കുന്നത് ജോര്‍ജിന്റെ നാക്ക് തന്നെ. യു.ഡി.എഫിലായിരുന്ന കാലത്ത് നിരന്തരം മുന്നണിയെ പ്രതിസന്ധിയിലാക്കിയ ജോര്‍ജ് ആ പതിവ് തുടരുമോ എന്ന പേടിയാണ് ഇടതുമുന്നണിക്ക്. നാവിന് കടിഞ്ഞാണിട്ടാല്‍ മാത്രമേ മുന്നണിയില്‍ എടുക്കൂ എന്ന നിലപാട് ജോര്‍ജിനെ അറിയിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. സി.പി.ഐ നേതൃത്വത്തിന് നേരത്തെ തന്നെ ജോര്‍ജിന്റെ ഈ സ്വഭാവത്തില്‍ അതൃപ്തിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha