ഹൈക്കോടതി എന്ന കെണിയൊരുക്കി മാണിയെ വീഴത്തിയത് ചെന്നിത്തലയും ഐ ഗ്രൂപ്പും, ചെന്നിത്തലയ്ക്ക് കൂട്ട് നിന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ

ഹൈക്കോടതി എന്ന കെണിയൊരുക്കി മാണിയെ വീഴത്തിയത് ചെന്നിത്തലയും ഐ ഗ്രൂപ്പും. ഹൈക്കോടതി വിധിയും അനുബന്ധ സംഭവങ്ങളും ആസൂത്രിതമായിരുന്നു എന്നാണ് മാണിഗ്രൂപ്പിന്റെ നിലപാട്. വിജിലന്‍സ് കോടതിയില്‍ നിന്നും വിധി വന്നസമയത്തുതന്നെ തുടരന്വേഷണത്തെ സ്വാഗതം ചെയ്യുകയും അപ്പീലിനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നതിന് മാണിക്ക് ഒട്ടുതാല്‍പര്യമുണ്ടായിരുന്നില്ല. ഇത്തരമൊരുകേസില്‍ ഹൈക്കോടതിയില്‍ പോയാല്‍ വിപരീതമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നും അദ്ദേഹം സംശയിച്ചിരുന്നു. മാത്രമല്ല, കേസ് കേള്‍ക്കുന്ന ബഞ്ച് സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങളും ആശങ്കകളും മാണിക്കുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അതിന് തയാറാകാത്തത്.എന്നാല്‍, അതൊന്നും പരിഗണിക്കാതെയാണ് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങള്‍ മാറ്റിക്കിട്ടുന്നതിന് പകരം വിധി സ്‌റ്റേചെയ്യുകയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് പാടില്ലെന്ന നിലപാട് മാണി ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നെങ്കിലും അത് സ്വീകരിച്ചില്ല.
കെ.എം. മാണിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് ആസൂത്രിത നീക്കമെന്ന് കേരള കോണ്‍ഗ്രസ്(എം). മാണിയെ പുറത്താക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഹൈക്കോടതിയില്‍ ഈ കേസ് കൊണ്ടുപോയതെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയതെന്നും അവര്‍ ആരോപിക്കുന്നു.
രമേശ് ചെന്നിത്തലയേയും ഐഗ്രൂപ്പിനേയുമാണ് മാണി വിഭാഗം ലക്ഷ്യമിടുന്നത്. ഒപ്പം ഉമ്മന്‍ചാണ്ടിക്കെതിരെയും വരുംദിവസങ്ങളില്‍ മാണിഗ്രൂപ്പില്‍ നിന്നും നീക്കങ്ങള്‍ ഉണ്ടാകും. ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച് മാണിഗ്രൂപ്പ് നേതാക്കള്‍ അന്വേഷിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും അധികം വൈകാതെ തന്നെ പുറത്തുവരും.
ഹൈക്കോടതി ഒരു കെണിയായിരുന്നുവെന്നാണ് മാണി വിഭാഗം പറയുന്നത്. മാത്രമല്ല, ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ വന്നപ്പോള്‍ ത്വരിതാന്വേഷണം എന്ന നിലപാട് സ്വീകരിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവച്ചത്. അത്തരത്തില്‍ ഒരു ഉത്തരവിട്ടങ്കെില്‍പ്പോലും സുകേശനെപ്പോലൊരു വ്യക്തിയെ അന്വേഷണം ഏല്‍പ്പിച്ചത് കുരുക്കായിരുന്നു. ബാറുകള്‍ അനുവദിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പിന്റെ മന്ത്രിയായ കെ. ബാബുവിനെതിരെ താന്‍ നേരിട്ട് പണംകൊടുത്തുവെന്ന ആരോപണമാണ് ബിജുരമേശ് ഉന്നയിച്ചത്. എന്നിട്ട് അതില്‍ അന്വേഷണം നടത്താതെ കേസില്ലെന്ന് വരുത്തി അവസാനിപ്പിക്കുകയായിരുന്നു. അപ്പോള്‍ ഈകേസില്‍ മാണിയെ നാണം കെടുത്തി പുറത്താക്കുകയെന്നതായിരുന്നു ലക്ഷ്യം.
എന്തായാലും ഈ ലക്ഷ്യവുമായി അധികകാലം മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മാണി ഗ്രൂപ്പ്. ഈ മന്ത്രിസഭയില്‍ ഇതുമായി അല്ലാതെയും അഴിമതിയുമായി ബന്ധപ്പെട്ടുമുള്ള എല്ലാ വിവരങ്ങളും പുറത്താക്കാന്‍ മാണിഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച അവരുടെ അന്വേഷണ റിപ്പോര്‍ട്ട് തന്നെയായിരിക്കും. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് എന്നാണ് സംശയം. മാണിയെ കുരുക്കാന്‍ കൃത്യസമയം തെരഞ്ഞെടുത്തതുപോലെ തന്നെ ഈ റിപ്പോര്‍ട്ടും പുറത്തുവിടും.
ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് അവര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും രമേശ് ചെന്നിത്തലയെയാണ് മാണിയുടെ പുറത്താക്കലില്‍ ഒന്നാംസ്ഥാനത്ത് കേരള കോണ്‍ഗ്രസ്(എം) നിര്‍ത്തിയിരിക്കുന്നത്. നേതൃമാറ്റം എന്നലക്ഷ്യത്തോടെ നീങ്ങിയ രമേശ് ചെന്നിത്തല അതിന് വേണ്ടിയാണ് ഈ കേസ്ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാണിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം നടത്തിയത് മുഴുവന്‍ ഐഗ്രുപ്പ് കാരുമായിരുന്നു.
കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ചില ഐ ഗ്രുപ്പ് നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. തുടക്കം മുതല്‍ അവര്‍ ഒരുലക്ഷ്യത്തോടെയാണ് പെരുമാറിയത്. ഇതിന് മാണിഗ്രൂപ്പില്‍ നിന്നും ചില പിന്തുണയുണ്ടായിരുന്നതായും അവര്‍ പറയുന്നു.
തങ്ങളുടെ നേതാവിനെ സംരക്ഷിക്കാത്ത ഉമ്മന്‍ചാണ്ടിയെ ഇനി സ്വസ്ഥമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. അതിന് അവര്‍ പ്രധാനമായുംആയുധമാക്കാന്‍ പോകുന്നത് ബാബുവിനെതിരായ ആരോപണമായിരിക്കും. ബാബുവിനെതിരെ വരുന്ന ആരോപണങ്ങള്‍ ആത്യന്തികമായി ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിക്കായിരിക്കും. അതാണ് ഇന്നലെ മാണി നല്‍കിയ സൂചന. കലവറയില്ലാത്ത പിന്തുണ തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞത്, ആക്ഷേപിച്ചാണെന്നാണ് മാണിവിഭാഗം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha