അഞ്ച് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫിന് ഭരണം

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലും മേയര്‍ സ്ഥാനം നേടിയതോടെ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് ഭരണം പിടിച്ചടക്കി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലും പ്രതീക്ഷിച്ചപോലെ എല്‍.ഡി.എഫ് നോമിനികള്‍ തന്നെ മേയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചിയില്‍ മാത്രമായി കോര്‍പറേഷനുകളിലെ യു.ഡി.എഫിന്റെ ഭരണം ചുരുങ്ങി. കോണ്‍ഗ്രസിലെ സൗമിനി ജയിനാണ് കൊച്ചി മേയര്‍.
തിരുവനന്തപുരത്ത് സി.പി.എമ്മിലെ വി.കെ പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രശാന്ത് മേയറായത്. 43 അംഗങ്ങള്‍ എല്‍.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഇതില്‍ ഒരാളുടെ വോട്ട് അസാധുവായി.
കൊല്ലത്ത് വി.രാജേന്ദ്രബാബുവാണ് മേയര്‍. 55 അംഗ കോര്‍പറേഷനില്‍ 36 പേരുടെ പിന്തുണയോടെയാണ് രാജേന്ദ്രബാബു മേയറായത്.
തൃശൂരില്‍ സി.പി.എമ്മിലെ അജിത ജയരാജന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കൊക്കാല വാര്‍ഡില്‍ നിന്നാണ് അജിത ജയരാജന്‍ വിജയിച്ചത്. 55 അംഗ കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് 25 ഉം യു.ഡി.എഫിന് 21 ഉം അംഗങ്ങളാണുള്ളത്. തൃശൂരിലും തിരുവനന്തപുരത്തും യു.ഡി.എഫും ബി.ജെ.പിയും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഈ രണ്ട് കോര്‍പറേഷന്‍ ഭരണവും എല്‍.ഡി.എഫിന് നേടാനായത്.
സി.പി.എമ്മിലെ വി.കെ.സി മമ്മദ് കോയയാണ് കോഴിക്കോട് മേയര്‍. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് എല്‍.ഡി.എഫിന് വോട്ട് ചെയ്തതോടെ സി.പി.എമ്മിലെ ഇ.പി ലത കണ്ണൂര്‍ കോര്‍പറേഷന്റെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ കോര്‍പറേഷനില്‍ 27 അംഗങ്ങള്‍ വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ആയതോടെ വിമതനായി ജയിച്ച പി.കെ രാഗേഷ് ആര് കോര്‍പറേഷന്‍ ഭരിക്കുമെന്ന സസ്‌പെന്‍സിന് ഉത്തരമായപ്പോള്‍ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചു. രാഗേഷിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി വരെ ഇടപെട്ടെങ്കിലും തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ പിന്തുണക്കൂ എന്ന നിലപാട് രാഗേഷ് സ്വീകരിച്ചു. രാഗേഷിന്റെ ഉപാധികള്‍ അംഗീകരിക്കാതെ വന്നതോടെ അദ്ദേഹം എല്‍.ഡി.എഫിന് വോട്ട് ചെയ്യുകയും അവര്‍ക്ക് ഭരണം ലഭിക്കുകയുമായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha