യുവതിക്കു നേരെ ആസിഡ് ആക്രമണം: സഹപാഠി അറസ്റ്റില്‍, പ്രേമനൈരാശ്യം ആണോ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല

സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠിയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കടുത്തുരുത്തി ഇലഞ്ഞി നടുവിലേത്ത് വീട്ടില്‍ രഞ്ജിഷ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പാലക്കാട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി നേവല്‍ ബേസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ചേര്‍ത്തല പള്ളിപ്പുറം പുളിച്ചയില്‍ ശാരിമോളെ(24)യാണ് ആക്രമിച്ചത്. കഴിഞ്ഞ 11ന് ചേര്‍ത്തല വല്ലയില്‍ റോഡില്‍ പുരുഷന്‍കവലയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇരുവരും സഹപാഠികളായിരുന്നു. പകപോക്കലാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് ചീഫ് വി. സുരേഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രേമനൈരാശ്യമാണോ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇരുവരും പറഞ്ഞതെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
യുവതി ജോലി കഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തിയശേഷം കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്നാലെ എത്തിയാണ് ശാരിമോളുടെ ദേഹത്ത് പ്രതി ആസിഡൊഴിച്ചത്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ദേഹത്താണ് ആസിഡ് വീണത്. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട രഞ്ജിഷ് ആദ്യം തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ അടുത്താണ് എത്തിയത്. അവിടെനിന്ന് സേലത്തേക്കും ധര്‍മ്മപുരിയിലേക്കും പോയി. തുടര്‍ന്ന് പാലക്കാട്ട് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
യുവാവ് തങ്ങിയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. യുവതിയെ ആക്രമിക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതു ലഭിച്ചത് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചു. മറ്റൊരാള്‍കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് പാലായില്‍നിന്നാണ് യുവാവ് വാങ്ങിയത്. രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് തിരുവനന്തപുരത്തുനിന്ന് ലഭിച്ചു. ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തിലേതായിരുന്നു ബൈക്ക്. ആക്രമണത്തിനുവേണ്ടി ബാഗില്‍ സൂക്ഷിച്ച ആസിഡ് എടുക്കുന്നതിനിടെ രഞ്ജിഷിനും പിന്‍ഭാഗത്ത് പൊള്ളേലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണ്. ചേര്‍ത്തല സി.ഐ. വി.എസ്. നവാസ്, എസ്.ഐ. ഇ.ഡി. ബിജു, പൂച്ചാക്കല്‍ എസ്.ഐ. എം. പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha