കേരളത്തില്‍ കോഴയുണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി

കോഴയുണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കൂവെന്ന അവസ്ഥയാണ് കേരളത്തിലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സ്മരണാര്‍ഥം രൂപവത്കരിച്ച ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണസ്വാധീനമുള്ളവര്‍ നടത്തുന്ന അഴിമതി കണ്ടില്ലെന്നു നടിക്കുന്നത് ഭീരുത്വമല്ലേയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസമേഖലയില്‍നിന്നാണ്. സ്‌കൂള്‍ അഡ്മിഷനും കോളജ് അഡ്മിഷനും മുതല്‍ അധ്യാപകനിയമനം വരെ അഴിമതി നിറഞ്ഞുനില്‍ക്കുകയാണ്. താന്‍ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ വിദ്യാഭ്യാസമേഖലയിലെ തലവരിപ്പണത്തിനെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അന്നത്തേക്കാള്‍ ഭയാനകമായ അന്തരീക്ഷമാണ് ഇപ്പോഴെന്നും ആന്റണി പറഞ്ഞു.
താനടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടു കാര്യമില്ലാതായി. സംഭാവനയുടെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പിരിവിനെതിരേ ശക്തമായ നടപടിയെടുത്തു വേണം അഴിമതിക്കെതിരേ പോരാടാന്‍. രാഷ്ട്രീയസാമൂഹിക വിഷങ്ങളില്‍ പ്രത്യാഘാതങ്ങള്‍ നോക്കാതെ ഇടപെട്ടിരുന്ന വ്യക്തിയാണു ജി. കാര്‍ത്തികേയന്‍. ഒരു കാലത്തു ജി. കാര്‍ത്തികേയന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെ ചലനങ്ങളുണ്ടാക്കിയിരുന്നു. അകന്നു നില്‍ക്കുമ്പോഴും വ്യക്തിബന്ധങ്ങളില്‍ വിഷം ചേര്‍ക്കാത്ത തലമുറയുടെ ഭാഗമായിരുന്നു ജി. കാര്‍ത്തികേയനെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒരു കാല്‍ മുമ്പോട്ടുവയ്ക്കുമ്പോള്‍ രണ്ടുകാല്‍ പിന്നോട്ടുവയ്‌ക്കേണ്ടി വരുന്നതു കീഴടങ്ങലല്ലെന്നു ചടങ്ങില്‍ അധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതു പ്രായോഗിക രാഷ്ട്രീയത്തിന്റെ നയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha