പുലിയിറങ്ങി അഥവാ ആന്റണിയിറങ്ങി... നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ എ.കെ. ആന്റണി രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുമാസങ്ങള്‍ മാത്രം ശേഷിക്കുന്ന എ.കെ. ആന്റണി സര്‍ക്കാരിനെതിരെ രംഗത്ത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീംലീഗിനെ ലക്ഷ്യമിട്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍ അഴിമതിയുടെ പൊടിപൂരമാണെന്നാണ് കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് എ കെ ആന്റണി പറഞ്ഞത്.
പ്രവേശനം മുതല്‍ നിയമനം വരെ കോഴയില്‍ മുങ്ങിയിരിക്കുകയാണെന്ന് ആന്റണി പറയുമ്പോള്‍ അധ്യാപക സ്ഥലമാറ്റത്തിലും അനംഗീകൃത സ്‌കൂളുകള്‍ അംഗീകരിക്കുന്നതിലും നടന്ന കൊടിയ അഴിമതിയെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പ്ലസ്ടു സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിലും കോടികളുടെ അഴിമതിയാണ് നടന്നത്.
കേരളത്തിലിപ്പോള്‍ എന്തു നടക്കണമെങ്കിലും കോഴ വേണമെന്നായിരുന്നു ആന്റണിയുടെ പ്രസ്താവന. കോഴ വേണമെന്ന് പറയുന്നത് യുഡിഎഫുകാര്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും മനസിലാകും.
വഹിക്കുന്ന സ്ഥാനമാനങ്ങള്‍ അനുസരിച്ച് നേതാക്കള്‍ക്ക് മാനസിക വളര്‍ച്ചയുണ്ടാകണമെന്ന് ഉദ്ദേശിച്ചത് ഉമ്മന്‍ചാണ്ടിയെയാണ്. സോളാര്‍ പോലൊരു തട്ടിപ്പില്‍ ചെന്നുപെട്ട ഉമ്മന്‍ചാണ്ടിയുടെ നടപടി ശരിയായില്ലെന്ന് നേരത്തെയും ആന്റണി പരോക്ഷമായി വ്യക്തമാക്കിയിരുന്നു. ഒരു കൊലക്കേസ് പ്രതി ഒരുക്കിയ കെണിയില്‍ വീഴേണ്ടയാളല്ല കേരളത്തിന്റെ മുഖ്യമന്ത്രി എന്നാണ് ആന്റണി പരോക്ഷമായി പറഞ്ഞിരിക്കുന്നത്.
താന്‍ പഠിക്കുന്ന കാലത്തേക്കാള്‍ രൂക്ഷമാണ് ഇന്ന് വിദ്യാഭ്യാസമേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്നു പറയാനും ആന്റണി മറന്നില്ല. സംഭാവനയുടെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷത്തിന് വളമായി തീര്‍ന്നേക്കാം. എ കെ ആന്റണിയെ പോലൊരാള്‍ ഇപ്രകാരം പറയുമ്പോള്‍ എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്ന് മനസിലാക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha