പിണറായീടെ റേഡിയോ കോളര്‍ തേഞ്ഞു മുതുമലയിലെ ആദിവാസികള്‍ മിന്നിച്ചു;കാടിന് കാടിന്റെ നിയമമുണ്ട് അതറിയുന്നവര്‍ കാര്യം നടത്തി,അരിക്കൊമ്പന്‍ കാരണം എയറിലാണ് പിണറായി,സ്റ്റാലിനാണിപ്പോള്‍ താരം,അണ്ണന്‍ തമ്പി ബന്ധം ഉലയുമോ ആവോ?,എന്തായാലും പണി വരുന്നുണ്ട് മുഖ്യ

കേരള വനംവകുപ്പ് ഘടിപ്പിച്ച റേഡിയോ കോളര്‍ അരിക്കൊമ്പനെ പൂട്ടാന്‍ തമിഴ്‌നാടിനെ സഹായിച്ചില്ലെന്ന് മാത്രമല്ല അട്ടര്‍ ഫ്‌ളോപ്പായിരുന്നു. കൊമ്പനെ വരുതിയിലാക്കാന്‍ തമിഴ്‌നാട് ആശ്രയിച്ചത് മുതുമലയിലെ ആദിവാസി സംഘത്തെ. കാടിന് കാടിന്റെ നിയമമുണ്ട് അതേക്കുറിച്ച് ബോധമുള്ളവരെ തമിഴ്‌നാട് ആശ്രയിച്ചു, സുഖമായ് കാര്യം നടത്തി. അല്ലാതെ കേരളത്തില്‍ നടന്ന പോലെ മിഷന്‍ അരിക്കൊമ്പന്‍,ദേ പോണ് ദാ പിടിക്ക് വണ്ടിയില്‍ കേറ്റ്. 80 ലക്ഷം പൊടിച്ചിട്ടും ആന കറങ്ങിത്തിരിഞ്ഞ് തിരികെയെത്തുന്നു. തുടക്കത്തിലെ വിദഗ്ദര്‍ പറഞ്ഞു കാടിന്റെ ക്യാപ്ടന്‍ അവനാണ് പിണറായീടെ വേലത്തരങ്ങള്‍ അവിടെ ചെലവാകില്ല. കേരളത്തില്‍ ആനയെ ഒന്ന് മയക്കുവെടി വെക്കാന്‍ എന്തെല്ലാം പ്രഹസം ആണ് നടന്നത്. എന്നാല്‍ ഒരു ഓളവും ഉണ്ടാക്കാതെ തമിഴ്‌നാട് കാര്യം നടത്തി. അങ്ങനെ മിഷന്‍ അരിക്കൊമ്പന്റെ കൈയ്യടി സ്റ്റാലിന് പോയി പിണറായി തേഞ്ഞു.
അരിക്കൊമ്പനെ പിടികൂടാന്‍ വിദഗ്ദരെന്നും പറഞ്ഞ് ആരുടെയൊക്കെയോ കൂട്ടുപിടിച്ചു പിണറായി സര്‍ക്കാര്‍. എന്നാല്‍ കാടിനേക്കുറിച്ച് അറിയാവുന്ന കാട്ട് മൃഗങ്ങളേക്കുറിച്ച് അറിയാവുന്ന ആദിവാസികളെ അടുപ്പിച്ചില്ല. അപ്പോഴേ ചിന്നക്കനാലിലേയും മറ്റ് ജനവാസ മേഖലകളിലേയും ആദിവാസി വിഭാഗം തറപ്പിച്ച് പറഞ്ഞു അവന്‍ തിരികെ വരുമെന്ന്. അവന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഗന്ധം ചിന്നക്കനാലിലേതാണ്. അത് തേടിപ്പിടിച്ച് തിരികെ വരും. പിണറായി ഘടിപ്പിച്ച റേഡിയോ കോളര്‍ മികച്ച തോല്‍വി ആയിരുന്നു. ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവ സംരക്ഷിത മേഖലയില്‍ പാര്‍പ്പിച്ച അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ നീക്കം നിരീക്ഷിക്കുന്നതിനായി കേരള വനം വകുപ്പ് ആനയില്‍ സ്ഥാപിച്ച റേഡിയോ കോളര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍ ആയതോടെ ആനയുടെ നീക്കം നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് മുതുമല കടുവ സങ്കേതത്തിലെ ആദിവാസി സംഘത്തെ നിയോഗിച്ചിരുന്നു.
ആന പരിപാലനത്തില്‍ കീര്‍ത്തി കേട്ട മുതുമല കടുവാ സങ്കേതത്തിന്റെ ഭാഗമായ ആദിവാസി ഊരുകളിലെ മീന്‍ കാളന്‍, ബൊതന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ വനത്തിനുള്ളില്‍ നിയോഗിച്ചത്. സുരുളിപ്പെട്ടിയില്‍ നിന്നും ഷണ്‍മുഖ നദി അണക്കെട്ടിന് സമീപം നിലയുറപ്പിച്ച അരിക്കൊമ്പന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച സംഘം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. ആനയുടെ സഞ്ചാര പദങ്ങള്‍ മനസിലാക്കി ആദിവാസി സംഘം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും പോലീസും ചേര്‍ന്ന് തടഞ്ഞു. ശനിയാഴ്ച രാത്രി ഷണ്‍മുഖ നദി ഭാഗത്തു നിന്നും പൂശാനംപെട്ടി മേഖലയിലേക്ക് അരികൊമ്പന്‍ സഞ്ചരിച്ചത് കൃത്യമായി ഈ സംഘം അറിയിച്ചു. ഞായറാഴ്ച രാത്രി അരിക്കൊമ്പന്‍ കാട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് നീങ്ങിയ വിവരം ആദിവാസി സംഘം അറിയിച്ചതോടെ വനം വകുപ്പ് ഡോ. കലൈവാന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇവിടെയെത്തിക്കുകയായിരുന്നു.
അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ എയറിലാണ്. കൈയ്യടി മുഴുവന്‍ സ്റ്റാലിനും. അരിക്കൊമ്പന് കേരളത്തില്‍ നിന്ന് വലിയ പീഡനമാണ് നേരിടേണ്ടി വന്നത്. ഇവിടെ കൊമ്പനെ ഒന്ന് പിടികൂടാന്‍ പാച്ചിലായിരുന്നു എന്നാല്‍ ആ മിണ്ടാപ്രാണിയ്ക്ക് ആഹാരം കൊടുക്കാനോ വെള്ളം കൊടുക്കാനോ പോലുമുള്ള മര്യാദ കാണിച്ചില്ല. എന്നാല്‍ തമിഴ്‌നാട് ആകട്ടെ കൊമ്പനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലും അവന് ആഹാരം എത്തിക്കാനും അവന്റെ ആരോഗ്യം നോക്കാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അരിക്കൊമ്പന്റെ പേരില്‍ കേരളത്തില്‍ പ്രഹസനം നടക്കുന്നു തമിഴ്‌നാട് കൃത്യമായ നടപടി നോക്കുന്നു. മൃഗസ്‌നേഹമൊക്കെ കേരളം വിളമ്പും പക്ഷെ അത് പറച്ചിലില്‍ മാത്രമേ ഉണ്ടാകൂ എന്ന് മാത്രം. കാടിറങ്ങിയ കാട്ടാനയെ എന്തു ചെയ്യണം. കേരളം ദിവസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയം. അന്തിചര്‍ച്ചയിലും സോഷ്യല്‍മീഡിയയിലും ദിവസങ്ങളോളം നിറഞ്ഞു നിന്നത് അരിക്കൊമ്പന്‍ കാട്ടാനയെ എന്തു ചെയ്യണമെന്ന ചര്‍ച്ചയായിരുന്നു. ആനയെ അറിയാവുന്നവരും അറിയാത്തവരും, ഒരിക്കല്‍ പോലും കാട് കണ്ടിട്ടില്ലാത്തവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടാതെ ഫാന്‍സ് അസോസിയേഷനും പണപ്പിരിവും രൂപപ്പെട്ടു. മുതലെടുപ്പിന് മലയാളിയെ കഴിഞ്ഞേ ആളുള്ളു. അരിക്കൊമ്പന് വേണ്ടി നമ്മള്‍ അന്തിചര്‍ച്ച നടത്തും. ഒരു വിഭാഗം അവനെ ഹീറോയാക്കി കാണിക്കും മറ്റൊരു വിഭാഗം അവനെ പ്രശ്‌നക്കാരനാക്കും. പിന്നെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ തമ്മിലുള്ളപോരാണ്. ഇതിനിടയില്‍ ആ പാവത്തെ തമിഴ്‌നാടും കേരളവും കൂടി ഇട്ട് തെക്ക് വടക്ക് ഓടിക്കുന്നു. മിണ്ടാപ്രാണിയാണല്ലോ എന്തും അതിനോടാകാം. പ്രബുദ്ധ മലയാളി ഡാ.
മനുഷ്യരുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ ആനയടക്കം വന്യജീവികളുടെ ആയുസ് കുറയ്ക്കുമെന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. നാട്ടിലിറങ്ങാതെ വനമധ്യത്തില്‍ വാഴുന്ന ഒരു കാട്ടാനയുടെ ശരാശരി ആയുസ്സ് അന്‍പത് വയസെങ്കില്‍ നാട്ടിലിറങ്ങി മനുഷ്യരുമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന കാട്ടാനയ്ക്ക് അധികമായുസുണ്ടാവില്ല. സംഘര്‍ഷത്തിന്റെയും നിരന്തര സമ്മര്‍ദ്ദത്തിന്റെയും അപകടങ്ങളുടെയും ഭാഗമായി പരിക്കും ജീവഹാനിയും സംഭവിക്കാം. കടുവ ഉള്‍പ്പെടെ നാട്ടിലിറങ്ങി പൊതുജനങ്ങളുമായി സംഘര്‍ഷമുണ്ടാക്കുന്ന മറ്റു വന്യമൃഗങ്ങളുടെ വിധിയും ഇതുതന്നെയാണ്. മാത്രമല്ല കാട്ടാനകളുടെ സഞ്ചാരത്തെ കുറിച്ചും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. മുന്‍പ് വയനാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്ന വടക്കനാട് കൊമ്പനെ റേഡിയോ കോളര്‍ പിടിപ്പിച്ച് നിരീക്ഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആന ഒരു മാസത്തിനിടെ വയനാട്ടില്‍ നിന്നും ആന്ധ്രാപ്രദേശ് അതിര്‍ത്തി വരെ സഞ്ചരിച്ച് വീണ്ടും വയനാട്ടില്‍ തിരിച്ചെത്തിയെന്നാണ്. നാട്ടിലിറങ്ങി ആഹരിച്ച് ശീലിച്ച ആനയെ വനത്തിനുള്ളിലാക്കിയാലും വനാതിര്‍ത്തി ഭേദിച്ച് പുറത്തിറങ്ങാന്‍ അവയ്ക്ക് അധികം സമയം വേണ്ടി വരില്ല എന്നത് ഈ ഉദാഹരണത്തില്‍ നിന്ന് വ്യക്തം. അരിക്കൊമ്പന്‍ വിഷയത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അരിയോടുള്ള ഈ ആര്‍ത്തി അവസാനം ആനയുടെ ആയുസ്സ് ചുരുക്കും എന്നത് ഉറപ്പ്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്. വലിയ പ്രശ്‌നക്കാരായിരുന്ന വയനാട്ടിലെ വടക്കനാട് കൊമ്പനെ വിക്രമായും കല്ലൂര്‍ കൊമ്പനെ ഭരത് എന്ന കുങ്കിയാനയായും മാറ്റിയെടുത്തത് ഈ സമീപനത്തിലൂടെയാണ്. ആനയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ചിലര്‍, എന്തിന് നീതിന്യായ കേന്ദ്രങ്ങള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ ശാസ്ത്രീയ വസ്തുകള്‍ ഒന്നും മനസിലാക്കാന്‍ തയാറാവുന്നില്ല എന്നതാണ് ദുഃഖകരം.
https://www.facebook.com/Malayalivartha