കാമുകിയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ കാമുകന് 75,000 രൂപ പോയി

കാമുകിയെ വിട്ട് കിട്ടണമെന്ന് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ച കാമുകന് കോടതി പക വന്‍ പിഴ.കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് തിരുവനന്തപുരം തുറുവിക്കല്‍ സ്വദേശി ജി.എസ്. പ്രവീണിന് 75,000 രൂപ പിഴയൊടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. തൃശൂര്‍ സ്വദേശിനിയായ കാമുകിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രവീണ്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, തന്നെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശൂര്‍ സ്വദേശി രതീഷിന്റെ സുഹൃത്താണ് പ്രവീണെന്നും, ഇയാളുമായി തനിക്കു ബന്ധമില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പീഡന കേസില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ, പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്തി സ്വാധീനിക്കാനാണ് ഇത്തരമൊരു ഹര്‍ജിയെന്ന് പെണ്‍കുട്ടിയുടെ പിതാവും ബോധിപ്പിച്ചതോടെ കാമുകന്‍ പരുങ്ങലിലായി.
രതീഷിനെ തനിക്കറിയില്ലെന്നും 2014 മാര്‍ച്ചില്‍ നാലു ദിവസം പെണ്‍കുട്ടി തിരുവനന്തപുരത്ത് തനിക്കൊപ്പം താമസിച്ചിരുന്നെന്നുമായിരുന്നു പ്രവീണിന്റെ വാദം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടി നല്‍കിയ ആധാര്‍ കാര്‍ഡിന്റെയും ജനന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകളും, പെണ്‍കുട്ടി എഴുതിയ കത്തും കൈയിലുണ്ടന്ന് പ്രവീണ്‍ വിശദീകരിച്ചു. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം അറിയാമെന്നും വ്യക്തമാക്കി. ഇതെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ വിശദീകരണങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. രതീഷിന്റെ അടുത്ത സുഹൃത്താണ് പ്രവീണെന്നും പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണില്‍ പ്രവീണ്‍ സംസാരിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയെ രതീഷ് തട്ടിക്കൊണ്ടു പോയെന്ന കേസില്‍ പെണ്‍കുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. എല്‍സ, പിന്നീട് പീഡനക്കേസില്‍ രതീഷിനുവേണ്ടി ഹാജരായെന്നും ഇതേ അഭിഭാഷകയാണ് ഇപ്പോള്‍ പ്രവീണിനു വേണ്ടി വന്നതെന്നും കണ്ടെത്തി.
പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ സമയത്ത് അഭിഭാഷക വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. ഇതില്‍ വ്യാജ കത്തെഴുതിയാണ് പ്രവീണ്‍ ഹാജരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് പ്രവീണിന് കോടതി പിഴ വിധിച്ചത്. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും ഇതില്‍ 25,000 രൂപ പെണ്‍കുട്ടിക്കും 50,000 രൂപ കേരള മീഡിയേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ സെന്ററിനും നല്‍കണമെന്നും നിര്‍ദേശം.ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി തട്ടിപ്പിനു കൂട്ടുനിന്ന അഡ്വ. എല്‍സ യു. അമ്പ്രൈലിനെതിരേ നടപടിയെടുക്കാന്‍ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേരള ബാര്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha