കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ

ഓച്ചിറയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രിന്‍സിന്റെയും മക്കളുടെയും വേര്‍പാട് വിശ്വസിക്കാനാവാതെ ഒരു ഗ്രാമം. പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ പ്രിന്‍സ് (14), അല്‍ക്ക സാറ പ്രിന്‍സ് (6) എന്നിവരാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മരിച്ച പ്രിന്‍സ് തേവലക്കരയിലെ ജീവകാരുണ്യ സംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. ഏത് സാമുദായിക സംഘടനകള്‍ പരിപാടി നടത്തിയാലും അത് ആഘോഷമാക്കുന്നതില്‍ പ്രിന്‍സ് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. കല്ലേലിഭാഗം കൈരളി ഫിനാന്‍സ്, മാരാരിത്തോട്ടം കൈരളി മെഡിക്കല്‍ഷോപ്പ് എന്നിവയുടെ ഉടമയായിരുന്നു പ്രിന്‍സ് തോമസ്.
ഭാര്യ ബിന്ധ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഒന്നരമാസം മുന്‍പാണ് പ്രിന്‍സും കുടുംബവും പുതിയ ഥാര്‍ ജീപ്പ് വാങ്ങിയത്. ബുധനാഴ്ച രാത്രി 10ന് ഭാര്യ സഹോദരന്റെ മകനെ അമേരിക്കയിലേക്ക് യാത്രയയ്ക്കാനായിരുന്നു കുടുംബ സമേതം നെടുമ്പാശേരി വിമാനത്തവളത്തിലേക്ക് പോയത്. മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ആന്‍ഡ് മാര്‍ ആബോ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. മരിച്ച അതുല്‍ പ്രിന്‍സ് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്‌കെഎം വിഎച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അല്‍ക്ക സാറ പ്രിന്‍സ് തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
https://www.facebook.com/Malayalivartha