സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്

വി.എസ്. സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചതിനെ കുറിച്ച് ഡിജിപിക്ക് നല്‍കിയത് സംഭവത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടൂള്ളൂവെന്നാണ് തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തൃശൂര്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പരാതി ഉയര്‍ന്ന അന്ന് തന്നെ നടപടിയെടുത്തുവെന്നും ആരോപണവിധേയരായ നാല് ഉദ്യോഗസ്ഥരുടെ ഇന്‍ക്രിമെന്റ് കട്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റാരോപിതരെ സ്ഥലം മാറ്റിയെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുന്നംകുളം കോടതി നേരിട്ട് അന്വേഷിക്കുന്ന കേസിലാണ് സംഭവത്തെ നിസാരവത്കരിച്ച് തൃശൂര്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോടതിയുത്തരവ് വന്ന ശേഷം തുടര്‍ നടപടി ആകാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ കൂടുതല്‍ നടപടിക്ക് ഡിഐജി ശുപാര്‍ശ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, പൊലീസ് സേനയില്‍ 62,000 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഈ സംഭവം പൊതുവത്കരിക്കരുതെന്നുമാണ് ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരായിരുന്നു സുജിത്തിനെ മര്‍ദിച്ചത്. വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് പിന്നീട് ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ വൈദ്യപരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha