ശൗചാലയത്തില്‍ വീണ് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തിയ മലയിന്‍കീഴ് വിദ്യാ കൊലക്കേസ്.. പ്രതി ഭര്‍ത്താവ് പ്രശാന്തിന് ജാമ്യമില്ല, പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ കേസ് റെക്കോഡിലുണ്ടെന്ന് ജില്ലാ കോടതി, വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ച കോടതി പ്രതിയെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു
ശൗചാലയത്തില്‍ വീണ് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തിയ മലയിന്‍കീഴ് വിദ്യാ കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് പ്രശാന്തിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ കേസ് റെക്കോഡിലുണ്ടെന്ന് വിലയിരുത്തിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ജാമ്യഹര്‍ജി തള്ളിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടുള്ളതായും കോടതി നിരീക്ഷിച്ചു.
വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ച കോടതി പ്രതിയെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും ഉത്തരവിട്ടു. 2023 ജൂണ്‍ 22 വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് കൊല്ലപ്പെട്ടത്.
ജൂണ്‍ 23 മുതല്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്തിനാണ് (34) കോടതി ജാമ്യം നിഷേധിച്ചത്. സ്വകാര്യ ബാങ്ക് കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരവേ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന് ഒരു മാസം മുമ്പ് മുതല്‍ കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ തമ്മില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നെന്നും ഇയാള്‍ മകളെ ഇതിനുമുന്‍പും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യയുടെ പിതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ ആരോപിച്ചിട്ടുണ്ട്.
കുളിമുറിയില്‍ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പോലീസിനോട് പറഞ്ഞിരുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ഐപിഎസ്, തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എന്‍ എന്നിവര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദ്യയും താനും തമ്മില്‍ വഴക്കുണ്ടായെന്നും വിദ്യയെ വയറ്റില്‍ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
റസിഡന്‍സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
സംഭവത്തിന് ഒന്നര മാസം മുമ്പാണ് വിദ്യയും ഭര്‍ത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. സമീപവാസികളായ ആളുകളുമായി വീട്ടുകാര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.വ്യാഴാഴ്ച്ച വൈകുന്നേരം മകന്‍ സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്.
തിരുവനന്തപുരം മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിബു ടി.വി, സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പി.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഹാജരായി തെളിവുകള്‍ ശേഖരിച്ചു.
വിദ്യയുടെ പിതാവ് ഗോപകുമാറിന്റെ കരുമത്തുള്ള വീട്ടിലാണ് വിദ്യയുടെ മക്കളായ ദക്ഷകും(9), ദീക്ഷയും(1) ഇപ്പോഴുള്ളത്.
പ്രശാന്തും വിദ്യയും മൂത്ത മകന്‍ ദക്ഷകുമായിരുന്നു സംഭവ ദിവസം വീട്ടിലുണ്ടായിരുന്നത്. അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് ദക്ഷക് ഫോണ്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന വിദ്യയെ അച്ഛനും അമ്മയും കാണുന്നത്.
വിദ്യയ്ക്ക് അച്ഛനോടായിരുന്നു കൂടുതല്‍ ഇഷ്ടം. കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ അറിയിക്കാതെയായിരുന്നു വളര്‍ത്തിയത്. പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് നേടിയപ്പോള്‍ മകളെ ഡോക്ടറോ എന്‍ജിനിയറോ ആക്കാന്‍ മോഹിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് പ്ലസ്ടുവില്‍ വച്ച് പ്രശാന്തുമായി പ്രണയത്തിലായി. അന്ന് ഒരു സ്വകാര്യ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന കാരയ്ക്കാമണ്ഡപം സ്വദേശി പ്രശാന്തിനെക്കുറിച്ച് നാട്ടില്‍ അന്വേഷിച്ചപ്പോള്‍ അത്ര നല്ല അഭിപ്രായമായിരുന്നില്ല ലഭിച്ചത്. വിദ്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്ലസ്ടു പാതിവഴിയില്‍ ഉപേക്ഷിച്ച് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.
തെറ്റായ കൂട്ടുകെട്ടുകള്‍
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം പ്രശാന്ത് ബാങ്കിലെ ജോലി ഉപേക്ഷിച്ച് ഒരു നിര്‍മ്മാണ കമ്ബനിയിലെ സൂപ്പര്‍വൈസറായി. അവിടെവച്ച് ലഭിച്ച പുതിയ കൂട്ടുകെട്ടുകളിലൂടെയാണ് മദ്യവും ലഹരിയും ശീലമാക്കിയത്. 2018 ല്‍ കൂട്ടുകാരനുമായി ചേര്‍ന്ന് വെള്ളയമ്ബലത്ത് ഒരു തട്ടുകട ആരംഭിച്ചു.
കച്ചവട ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷത്തിന്റെ ടെമ്‌ബോ ട്രാവലര്‍ ഗോപകുമാറിനെക്കൊണ്ട് വാങ്ങിപ്പിച്ചു. പിന്നീടും പലവട്ടം കണക്കില്ലാതെ പണം വാങ്ങി. തട്ടുകടയിലേയ്ക്ക് ആവശ്യമുള്ള ഭക്ഷണമുണ്ടാക്കാന്‍ വിദ്യയും സഹായിച്ചിരുന്നു. കൊവിഡ് കാലത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ തട്ടുകടയുടെ പ്രവര്‍ത്തനം നിലച്ചു. രാത്രി മുഴുവന്‍ ലഹരി ഉപയോഗിച്ച് മയങ്ങി ഉച്ചയ്ക്ക് എഴുന്നേറ്റ് കൂട്ടുകാര്‍ക്കൊപ്പം കറങ്ങും. പ്രണയ വിവാഹമായതിനാല്‍ കുടുംബ പ്രശ്നങ്ങളെല്ലാം വിദ്യ ഉള്ളിലൊതുക്കുകയായിരുന്നു.
കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനും ശ്രമം
വിദ്യയുടെ രണ്ടാമത്തെ കുഞ്ഞായ ദീക്ഷയെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ പ്രശാന്തുമൊത്ത് ബൈക്കില്‍ പോകവെ ബൈക്ക് റോഡിലെ കുഴിയില്‍ വീണ് വിദ്യയ്ക്ക് ബ്ലീഡിംഗ് ആരംഭിച്ചു. അന്ന് തൈക്കാട് ഗവ.ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ ഇല്ലാതാക്കാന്‍ പ്രശാന്ത് ശ്രമിച്ചതായി അച്ഛന്‍ ഗോപകുമാര്‍ പറഞ്ഞതായും പോലീസ് മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha