14 വർഷം വരെ തടവുശിക്ഷ ഇയാൾക്ക് ലഭിച്ചേക്കാം. ..എന്നാൽ ഇയാളെ ജീവപര്യന്തം തടവിന് വിധിക്കണം...ഇനിയും ആർമിയിൽ തുടരാൻ ഇയാൾക്ക് അർഹതയില്ലെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ സത്യം പുറത്തുകൊണ്ടുവന്ന കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നും ഫേസ്‌ബുക്ക് ലൈവിലൂടെ മേജർ രവി..
കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്‌ഐ എന്നെഴുതിയ സംഭവം വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് മേജർ രവി. ഒരു പട്ടാളക്കാരനും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഷൈൻ ചെയ്തതെന്ന് മേജർ രവി പറഞ്ഞു. ഇനിയും ആർമിയിൽ തുടരാൻ ഇയാൾക്ക് അർഹതയില്ലെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ സത്യം പുറത്തുകൊണ്ടുവന്ന കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നും ഫേസ്‌ബുക്ക് ലൈവിലൂടെ മേജർ രവി പറഞ്ഞു.
'ആദ്യം ഈ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേനെ. ഒരു പട്ടാളക്കാരനെ മർദിച്ച് മുതുകിൽ പിഎഫ്‌ഐ എന്ന് എഴുതിയാൽ പിന്നീട് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ചിന്തിക്കാവുന്നതേയുള്ളു. ആ പട്ടാളക്കാരൻ ഹിന്ദുവാണെങ്കിൽ അവിടെ ഹിന്ദു - മുസ്ലിം വർഗീയതയും കുത്തിത്തിരിപ്പും ഉണ്ടായേനെ. ഒരു കലാപത്തിന്റെ വിത്താണ് ഇയാൾ പാകിയത്. കേരള പൊലീസിന്റെ അന്വേഷണം സത്യം പുറത്തുകൊണ്ടുവന്നതുകൊണ്ട് അതൊന്നും സംഭവിച്ചില്ല.' - മേജർ രവി പറഞ്ഞു.
'ഇയാൾ ഇനിയും സൈന്യത്തിൽ തുടർന്നാൽ, ഇവിടെ ചെയ്തത് കാശ്മീർ പോലുള്ള സ്ഥലത്തും ചെയ്‌തേക്കും. ഫേമസ് ആകാൻ വേണ്ടി നിരപരാധിയെ വെടിവച്ച് കൊന്നിട്ട് ഗ്യാലന്ററി മേഡലിന് വേണ്ടി ചെന്ന് നിന്നേനെ. കേരള പൊലീസ് ഇക്കാര്യം സൈന്യത്തെ അറിയിച്ചാൽ ഇയാൾ ഇനി ഇന്ത്യൻ ആർമിയിൽ ഉണ്ടാകില്ല. കോർട്ട് മാർഷ്യലിന് വിധേയനാകും. 14 വർഷം വരെ തടവുശിക്ഷ ഇയാൾക്ക് ലഭിച്ചേക്കാം. എന്നാൽ ഇയാളെ ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് എന്റെ അഭിപ്രായം.'- മേജർ രവി കൂട്ടിച്ചേർത്തു.
ഇനി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഒരു പട്ടാളക്കാരനും മുതിരരുതെന്നും അയാളെ ഇനി സൈനികൻ എന്ന് പറയാൻ പോലും താൽപ്പര്യപ്പെടുന്നില്ലെന്നും മേജർ രവി പറഞ്ഞു. അതേസമയം കടയ്ക്കലിൽ സൈനികനെ മർദിച്ച ശേഷം പോപ്പുലർ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ 'പിഎഫ്ഐ' എന്നു മുതുകിൽ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു കണ്ടെത്തിയ പൊലീസ് ഇക്കാര്യം സൈന്യത്തേയും അറിയിക്കും. രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈനിന്റെ ജോലി പോകാനും സാധ്യതയുണ്ട്. ആർമി ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി കാര്യങ്ങൾ സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ആസൂത്രിതമായി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വർഷം മുൻപാണ് ഷൈൻ സൈന്യത്തിൽ ചേർന്നത്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത്. മൂന്ന് കൊല്ലം കൂടി കഴിഞ്ഞാൽ സൈന്യത്തിൽ നിന്ന് വിരമിക്കാമായിരുന്നു. ഇതിനിടെയാണ് ചാപ്പ വിവാദത്തിൽ കുടുങ്ങുന്നത്. സംഭവം നാണക്കേടുണ്ടാക്കിയെന്നതാണ് സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പൊലീസ് റിപ്പോർട്ട് അടക്കം പരിശോധിച്ച് സൈന്യം ഷൈനിന്റെ കാര്യത്തിൽ തീരുമാനം എടുക്കും.
പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം. വലിയ ഗൂഢാലോചനയാണ് ഷൈൻ ഇക്കാര്യത്തിൽ നടത്തിയത്. അവധിക്കു നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേർന്നൊരുക്കിയ നാടകമായിരുന്നു ചാപ്പ കുത്തൽ., നാട്ടിൽ എത്തും മുൻപു തന്നെ ഷൈൻ, ജോഷിയുമായി ചേർന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു സൂചന. അതുകൊണ്ട് തന്നെ വിശദ അന്വേഷണം തുടരും.
https://www.facebook.com/Malayalivartha