സഹകരണ ബാങ്കുകളിലെ തട്ടിപ്പ്...പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം... കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം.... സിപിഎം നേതാവ് ഉൾപ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ്, അടിയന്തര നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്....

സഹകരണ ബാങ്കുകളിലെ തട്ടിപ്പുവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം. ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി പുറത്തുവന്നതും സിപിഎം നേതാവ് ഉൾപ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ് അടിയന്തര നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ജനവികാരം എതിരാകും എന്നത് മുന്നിൽ കണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പടെ നിക്ഷേപകരെ കണ്ടെത്താൻ മുന്നോട്ട് വരുമെന്നാണ് വിവരം.നിലവിലെ പ്രതിസന്ധി മറികടക്കാൻ ബാങ്കിൽ കൂടുതൽ നിക്ഷേപം എത്തിക്കാനാണ് പദ്ധതി. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും കൺസോഷ്യം രൂപീകരിച്ചും പണം സ്വരൂപിക്കും. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്ത് പരിഹാരം കാണാനും സിപിഎം തീരുമാനിച്ചതായാണ് വിവരം.
ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ – സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകാനും പാർട്ടി തീരുമാനിച്ചു.സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളുടെ മറവിൽ വൻ കൊള്ള നടത്തിയ പല സംഭവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിരവധി ബാങ്കുകളിൽ ഇഡി മിന്നൽ റെയ്ഡും നടത്തിയിരുന്നു.സിപിഎം നേതാക്കളായിട്ടുള്ള പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അനധികൃത വായ്പയെടുത്തും, നിക്ഷേപത്തിന് പലിശ കൂട്ടി നൽകിയും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിധിയിൽ കവിഞ്ഞ തുക വായ്പ നൽകിയും വൻ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.കരുവന്നൂർ ബാങ്കിനെ തകർത്തത് ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമുള്ള ദുഃസ്വാധീനമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഈ സാഹചര്യത്തിൽ കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ സംഭവിച്ച സാമ്പത്തിക അഴിമതിയിൽ കൂടുതൽ നേതാക്കൾ അകത്താകും. തട്ടിപ്പിന്റെ ആഴം കോടതിയെ ബോധ്യപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയത് 17 കണ്ടെത്തലുകളാണ്. സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചതു സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷൻ എന്നാണ് പറയുന്നത്. സിപിഎം നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഇഡി ഉന്നയിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലും നടത്തിപ്പിലും അരവിന്ദാക്ഷനുള്ള ആഴത്തിലുള്ള പങ്കാളിത്തം വ്യക്തമാണെന്ന് ഇഡി പറയുന്നു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ പി.സതീഷ്‌കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
പ്രതികൾ സംഘടിതമായി ചെയ്തത് സാധാരണക്കാരെ സാമ്പത്തിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കു തള്ളിനീക്കിയ കുറ്റകൃത്യമെന്നാണ് ഇഡി പറയുന്നത്. തട്ടിപ്പു തിരിച്ചറിഞ്ഞവരെയും വിവരങ്ങൾ ഇ.ഡിക്കു നൽകിയവരെയും കൊല്ലുമെന്നുവരെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും സ്വകാര്യ ധനഇടപാടുകാരനുമായ പി.സതീഷ്‌കുമാർ, സഹോദരൻ പി.ശ്രീജിത്ത് എന്നിവരുമായി അരവിന്ദാക്ഷൻ ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ ഡിജിറ്റൽ രേഖകൾ പ്രതികളുടെ കൂട്ടുത്തരവാദിത്തത്തിനു തെളിവാണ്.ഡിജിറ്റൽ രേഖകളിൽ കേസിൽ ഉന്നത വ്യക്തികളുടെ പങ്കാളിത്തത്തിനും തെളിവുണ്ട്. ഭരണസമിതിയുടെ അറിവും ബാങ്ക് പ്രസിഡന്റിന്റെ കയ്യൊപ്പുമില്ലാതെയാണു വൻതുകയുടെ വായ്പകൾ പ്രതികൾ തട്ടിയെടുത്തത്. 'ബാങ്ക് ആസ്ഥാനത്തു' നിന്നു ലഭിച്ച നിർദേശത്തെ തുടർന്നാണ് ഇത്തരം വായ്പകൾ അനുവദിച്ചതെന്നു ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈടുവച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയാണു വായ്പ അനുവദിച്ചതെന്നും ഇഡി പറയുന്നു. മുൻ മന്ത്രി എസി മൊയ്തീനെതിരേയും നടപടികളുണ്ടാകുമെന്നാണ് സൂചന. മൊയ്തീന് വീണ്ടും ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുത്തിട്ടില്ല. മൊയ്തീനെ ചോദ്യം ചെയ്യാൻ വിളിക്കാതെ തന്നെ അറസ്റ്റു ചെയ്യുന്നതും ഇഡിയുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha


























