ലോകായുക്തയിൽ പിണറായിയുടെ ബി ടീം വരുന്നു, ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നതോടെ അടുത്തത് മുഖ്യമന്ത്രിക്ക് വിശ്വസ്തനായ മുൻ ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി? കേരളത്തിലെ സാധാരണക്കാർ നികുതി കൊടുക്കുന്ന 8.57 കോടി കടലിൽ ഒഴുകും ?

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ചിൽ വിരമിക്കുന്നതോടെ മുഖ്യമന്ത്രിക്ക് വിശ്വസ്തനായ മുൻ ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ലോകായുക്തയാവുമെന്ന് നിയമ വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചു. ഇപ്പോഴത്തെ ഉപലോകായുക്തമാർ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്ന സാഹചര്യത്തിൽ ഇനി ലോകായുക്ത സംവിധാനത്തിന്റെ ഭാവിയിൽ ചെമ്പനീർ റോസുകൾ വിടരുമെന്നാണ് കേരളം കരുതുന്നത്.
കേരളത്തിലെ സാധാരണക്കാർ നികുതി കൊടുക്കുന്ന 8.57 കോടി വർഷാ വർഷം കടലിൽ ഒഴുക്കുമെന്ന് ചുരുക്കം. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനൊപ്പം ഡിവിഷൻ ബഞ്ചിൽ അംഗമായിരുന്നു ഷാജി പിചാലി.മണികുമാറിന്റെ ബാൻഡ് സംഘത്തിനെതിരെ ഒരു കൂട്ടം പരാതികളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലുള്ളത്. പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് അനുസരിച്ച് നിയമിക്കുന്ന ജുഡീഷ്യൽ കമ്മിഷനുകൾ കേരളത്തിൽ വലിയ ദുരന്തമായി മാറുന്ന സാഹചര്യത്തിലാണ് ലോകായുക്തയും മറ്റൊരു ജുഡീഷ്യൽ കമ്മീഷനായി മാറിയത്.
മുൻപ് പ്രഖ്യാപിച്ച ജുഡിഷ്യൽ കമ്മീഷൻ ശുപാർശകളൊന്നും സർക്കാർ ഇന്ന് വരെ നടപ്പായില്ല. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷനെ നിയമിച്ചത്. പൊലീസ് സംവിധാനത്തെ പരിഷ്ക്കരിക്കാനായി പൊലീസ് പെർഫോമൻസ് ആന്റ് അക്കൗണ്ടബിലിറ്റി കമ്മീഷൻ എന്നായിരുന്നു പേര്. കമ്മീഷന്റെ പ്രധാന ശുപാർശ ആയിരുന്നു സെൻട്രലൈസ്ഡ് ലോക്കപ്പ്.
അഞ്ചോ ആറോ പൊലീസ് സ്റ്റേഷനുകൾക്ക് ഒരു പൊതു ലോക്കപ്പ് എന്നതാണ് ഇതിന്റെ അർത്ഥം. രാത്രികാലങ്ങളിൽ പ്രതികളെ പാർപ്പിക്കുന്ന ഈ ലോക്കപ്പിന്റെ ഉത്തരവാദിത്വം മറ്റൊരു ഓഫീസർക്കായിരിക്കും. കോട്ടയം മണർകാട്ട് കൊട്ടിഘോഷിക്കപ്പെട്ട് കെട്ടിടം പണിത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇതിന്റെ ഉദ്ഘാടനവും നടത്തി. ഒരു പ്രതിക്ക് പോലും ആ ലോക്കപ്പിൽ കിടക്കാനുള്ള അവസരം ഇന്ന് വരെ ഉണ്ടായിട്ടില്ല. കെട്ടിടം കാട് കയറി പൊടി പിടിച്ച് പ്രതികളെ നോക്കി ഇരിക്കുകയാണ് . ആ സംവിധാനം നടപ്പിലായിരുന്നെങ്കിൽ കട്ടപനയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന് റുൾവടിയുടെ നെഞ്ചുരുളുന്ന വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.
പൊലീസിന് സ്വന്തം അധികാരം കൈവിട്ട് കൊടുക്കാൻ താൽപര്യമില്ലാത്തതും രാഷ്ട്രീയാധികാരികൾക്ക് സ്വാധീനം നഷ്ടപ്പടുമെന്നതും ഈ നിർദേശങ്ങൾ നടപ്പാകാതിരിക്കാൻ കാരണം.
കേരളത്തിൽ ആദ്യമായി ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുന്നത്. അതും എംഎൻ ഗോവിന്ദൻ നായരുൾപ്പെെടയുള്ളവർക്കെതിരായ അഴിമതിയാരോപണവിഷയത്തിൽ. അതിനു ശേഷം കേരളത്തിൽ സർക്കാറുകളും കേസുകളും ജുഡീഷ്യൽ കമ്മിഷൻ നിയമനങ്ങളും നിരവധി വന്നു. ഇടമലയാർ ഡാം നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയ ജസ്റ്റിസ് കെ സുകുമാരൻ കമ്മിഷൻ നിർദേശപ്രകാരം ആർ. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത് മാത്രമാണ് കൃത്യമായി കമ്മീഷൻ നിർദേശത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ശിക്ഷ അനുഭവിച്ചത്.
മാറാട് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ജുഡീഷ്യൽ കമ്മീഷൻ ശുപാർശ പോലും നടപ്പായില്ല. കുമരകം ബോട്ട് ദുരന്തക്കേസിലെ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ തേക്കടിയും തട്ടേക്കാടും ആവർത്തിക്കില്ലായിരുന്നു. ജുഡീഷ്യൽ കമ്മീഷൻ നിർദേശങ്ങൾ സർക്കാരിന് സ്വീകരിക്കാം തള്ളിക്കളയാം. അത് കൊണ്ട് തന്നെ കസ്റ്റഡി മരണങ്ങളിലും ഉരുട്ടിക്കൊലകളിലും പൊലീസ് ഏജൻസികളാണ് അന്വേഷണം നടത്തേണ്ടത്. ഈ രാജ്യത്ത് ജുഡീഷ്യൽ കമ്മീഷനുകൾ കോടികളുടെ ചെലവ് നടത്തി പ്രഹസനമാകുന്നു എന്നതിനപ്പുറം ഒരു പുരോഗതിയും ഉണ്ടാക്കിയിട്ടില്ല. ഇതേ അവസ്ഥയിലേക്കാണ് ലോകായുക്തയും മാറുന്നത്.
കഴിഞ്ഞ 6 വർഷത്തിനിടെ 7 ജുഡീഷ്യൽ കമ്മീഷനുകൾക്കായി സംസ്ഥാനം ചെലവഴിച്ചത് 6 കോടിയോളം രൂപയാണ്. ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മുതലുള്ള കാലയളവിൽ ആണ് കമ്മീഷനുകൾക്കായി ഇത്രയും പണം ചെലവഴിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിൽ രണ്ട് കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.
2016 ജൂൺ 20ന് ഹൈക്കോടതിക്ക് മുന്നിൽ വെച്ച് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷനാണ് കൂട്ടത്തിൽ ഏറ്റവും ചിലവേറിയത്. ഇതിനായി രുപീകരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന് ആകെ ചെലവ് 2 . 77 കോടിയായിരുന്നു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്ത് പോലീസ് വകുപ്പിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കോടികളുടെ പർച്ചേസുകൾ സിഎജി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ ആണ് 2020 മാർച്ച് ഏഴിന് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ മൂന്നു വർഷമായിട്ടും ഈ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രൻ കമ്മീഷന് വേണ്ടി ചെലവഴിച്ചത്.
സ്വർണ കള്ളകടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാൻ ആയാണ് മുൻ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനന്റെ നേതൃത്വത്തിൽ 2021 മേയ് 7ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. 83,76,489 രൂപയാണ് മോഹനൻ കമ്മീഷനായി ചെലവഴിക്കപ്പെട്ടത്.
പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ – 1,07,82,661 രൂപ , എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഫോൺകെണി വിവാദം അന്വഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ – 25,85,232 രൂപ , നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ച ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മീഷൻ – 92,84,305 രൂപ , വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച ജസ്റ്റിസ് പി കെ ഹനീഫ കമ്മിഷൻ – 1,01,791 രൂപ ഇങ്ങനെയാണ് മറ്റു കമ്മീഷനുകളുടെ ചെലവ് ..
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാനുള്ള അധികാരം നിയമഭേദഗതിയിലൂടെ ഇല്ലാതാക്കിയതോടെ, ലോകായുക്ത ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിലവാരത്തിലാവും. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകൾ സർക്കാരിന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം.
ആരോപണം തെളിയുകയും പദവിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത ഉത്തരവിടുകയും ചെയ്താൽ പൊതുസേവകർ ഉടൻ രാജിവയ്ക്കണമെന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്തയുടെ ഇത്തരം ഉത്തരവുകൾ മുഖ്യമന്ത്രിക്കും നിയമസഭയ്‌ക്കും സ്പീക്കർക്കും തള്ളാം. ലോകായുക്തയുടെ ജുഡിഷ്യൽ ഉത്തരവിന്റെ ശരിയും തെറ്റും ഭരണസംവിധാനത്തിന് തീരുമാനിക്കാം എന്ന് വരും. ഇതോടെ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസോ തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ അംഗങ്ങളുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്തയുടെ നീതിനിർവഹണം അട്ടിമറിക്കപ്പെടാൻ കളമൊരുങ്ങി.
ലോകായുക്തയ്ക്ക് ഭരണഘടനാ സംവിധാനങ്ങളെ അയോഗ്യമാക്കാനാവില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നതെന്നും ഇങ്ങനെയൊരു വ്യവസ്ഥ ലോകത്തെങ്ങും ഇല്ലെന്നുമാണ് സർക്കാർ ന്യായം. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന് പറഞ്ഞ് ഭൂപരിഷ്‌കരണ നിയമം ഇല്ലാതാക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം. ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവുണ്ടായാലും നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ മറികടക്കാം. സർക്കാരിനെതിരായ കേസിൽ സർക്കാർ തന്നെ വിധിപറയുന്ന സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും ആശങ്കയുമുണ്ട്.
പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം തുടങ്ങിയ പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവുന്ന ഏകസംവിധാനമാണ് ലോകായുക്ത. വിജിലൻസിനും വിജിലൻസ് കോടതിക്കുമെല്ലാം സർക്കാർ അനുമതിവേണം. അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റായ ഷാജി പി. ചാലി 2015 ഏപ്രിൽ പത്തിനാണ് ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായത്. 2017 ഏപ്രിൽ അഞ്ചിന് സ്ഥിരം ജഡ്ജിയായി. എറണാകുളം മുളന്തുരുത്തിയിൽ ജനിച്ച ഷാജി എറണാകുളം എസ്.ആർ.വി സ്കൂൾ, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം എറണാകുളം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി. സംസ്ഥാന ഹോക്കി ടീമിൽ അംഗമായിരുന്നു.
കേരള, എം.ജി സർവകലാശാല ഹോക്കി ടീമുകളിലെ അംഗവും എം.ജി സർവകലാശാല ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. ഹൈകോടതി ജഡ്ജിമാരുടെ ക്രിക്കറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്ഫ് ജസ്റ്റിസ് എസ്. മണികുമാറിനൊപ്പം ഡിവിഷൻ ബെഞ്ചിൽ ദീർഘകാലം അംഗമായിരുന്നു. ഈ കാലയളവിൽ ഒട്ടേറെ പൊതുതാൽപര്യ ഹരജികൾ പരിഗണിച്ചു തീർപ്പാക്കിയിട്ടുണ്ട്. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിൻറെ സാമൂഹികാഘാത പഠനത്തിന് അനുമതി, സംയുക്ത ബാങ്ക് ലോക്കർ ഭർത്താവിന്റെ മരണശേഷം ഭാര്യക്ക് കൈകാര്യം ചെയ്യാൻ അനുമതി, ന്യൂനപക്ഷ സ്കോളർഷിപ്പിന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും അർഹർ തുടങ്ങിയ വിധികളിൽ പങ്കാളിയായിരുന്നു.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട്, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, കെട്ടിട നികുതി നിയമം, ഭൂനികുതി നിയമം തുടങ്ങിയ പ്രാദേശിക നിയമങ്ങളിൽ ഷാജി പി. ചാലിയുടേതായി ഒട്ടേറെ ശ്രദ്ധേയമായ വിധികളുണ്ടായിട്ടുണ്ട്. ഇത്തരം 750ഓളം വിധി നിയമഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ ഓൺലൈൻ സിറ്റിങ്ങിനു നേതൃത്വം നൽകിയത് ഷാജി പി. ചാലിയാണ്.പ്രഗൽഭനായ ന്യായാധിപനായ ഷാജി പി ചാലിക്ക് ഇടതു പാരമ്പര്യമുണെന്ന് കമ്മികൾ വിശ്വസിക്കുന്നു.
ഷാജി പി ചാലി വഴിയാണ് നിയമ സംവിധാനത്തെ സർക്കാർ സ്വാധീനിച്ചിരുന്നതെന്ന് മുമ്പ് ആരോപണം ഉയർന്നിരുന്നു. സർക്കാരിന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടന്നതും അങ്ങനെയാണെന്നും ആരോപണം ഉയർന്നിരുന്നു. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനെ വിധിയിൽ രൂക്ഷമായി വിമർശിച്ച ലോകയുക്ത സിറിയക് ജോസഫിന്റെ നിലപാടാണ് മുഖ്യമന്ത്രിക്ക് വിനയായത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകർപ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമർശനം ഉന്നയിക്കുന്നത്. എന്നാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്. ഇതാണ് സിറിയക് ജോസഫിനോടുള്ള സർക്കാരിന്റെ വിരോധം.
ഫണ്ട് വിനിയോഗം ലോകയുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ കാലാവധി തീർന്നെങ്കിലും പരാതി നില നിൽക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച് ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ട്. സിഎംഡിആർഎഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമ്പോൾ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിലാണ് കുരുക്ക്. സിറിയക് ജോസഫ് കണ്ടെത്തിയത് പൂർണമായി ക്രമക്കേടുകൾ മാത്രമാണ്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി സഭയും കുറ്റക്കാരല്ലെന്ന് പറയുന്നു. ഇത് എങ്ങനെ ശരിയാകുമെന്നാണ് ഹർജിക്കാരന്റെ ചോദ്യം. ഒരു അപക്ഷ പോലുമില്ലാതെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്നത് എങ്ങനെ അംഗീകരിക്കും എന്നാണ് ചോദ്യം. മന്ത്രിസഭയെ സ്വന്തം കുടുംബമായി കണ്ടതു കൊണ്ടുള്ള പ്രയാസമാണ് ഉണ്ടായതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നത് വെറുതെയല്ല.
മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയൻറെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്. ഇനി ഇത്തരത്തിൽ ഒരബദ്ധം ലോകായുക്തയിൽ നിന്നുണ്ടാകരുതെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതിനാണ് അദ്ദേഹം ലോകായുക്തയുടെ കിരീടം തന്നെ എറിഞ്ഞുടച്ചത്.
https://www.facebook.com/Malayalivartha