വേദനയോടെ കേരളം... പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു; നാലുപേരെയും ഒന്നിച്ച് ഖബറടക്കും
പാലക്കാട് കല്ലടിക്കോട്ട് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ഥിനികളുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍, അബ്ദുല്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, സലാമിന്റെ മകള്‍ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും.
10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. തുടര്‍ന്ന് ഒരുമിച്ച് ഖബറടക്കം നടത്തും. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണിവര്‍. സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കില്ല.
റോഡ് സൈഡില്‍ കൂടി നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്ക് ഇടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട് കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട്ടില്‍നിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന.
പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തു നാട്ടുകാര്‍ വാഹനങ്ങള്‍ ഉപരോധിക്കുകയാണ്.
ഓരോ കുട്ടിയെ പറ്റിയും വേദനയുള്ള അനുഭവങ്ങളാണ് ഉണ്ടായിരുന്നത്. ആയിഷയെ അവസാനമായി ഒരു നോക്കു കാണാന്‍ ടീച്ചര്‍മാര്‍ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോര്‍ച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാര്‍ഥികളെ കാണാന്‍ ടീച്ചര്‍മാര്‍ക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം തീരുന്നതു വരെ ടീച്ചര്‍ മോര്‍ച്ചറിക്കു മുന്നില്‍നിന്നു. പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു.
രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്നു വിതുമ്പിക്കൊണ്ടു ബന്ധു സബിത പറഞ്ഞു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു.
ഇംഗ്ലിഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെന്‍ഷന്‍. ആ ആശങ്ക പങ്കിട്ടാണ് അവര്‍ സ്‌കൂളില്‍നിന്നു തിരികെ നടന്നത്. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗില്‍ വയ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞ് അജ്‌നയെ ഏല്‍പിച്ചു. 'എങ്കില്‍ നീ ഈ റൈറ്റിങ് ബോര്‍ഡ് കൂടി പിടിക്കെടീ' എന്നായി റിദ. അജ്‌നയുടെ ഒരു പെന്‍സില്‍ ബോക്‌സ് റിദയുടെ ബാഗില്‍ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും 4 പേരെയും മരണം കവര്‍ന്നു. 4 കൂട്ടുകാര്‍ ചേര്‍ത്തുപിടിച്ചിരുന്ന അജ്‌നയുടെ കൈകളില്‍ ആ കുടയും റൈറ്റിങ് ബോര്‍ഡും കുറെ ഓര്‍മകളും ബാക്കി.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവര്‍ 5 പേരും. അപകടത്തില്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ.എസ്.ആയിഷ എന്നിവര്‍ മരിച്ചപ്പോള്‍ അജ്‌ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേര്‍ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനില്‍ക്കുമെന്നു പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്ന് അജ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha