സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാലയിലായിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കും.
അദ്ധ്യാപക വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങള്‍ മനസ്സിലാക്കുന്നതിനും അദ്ധ്യാപകര്‍ക്കായി നവീകരിച്ച പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. കുട്ടികളുമായി രക്ഷാകര്‍തൃബന്ധം കൂടുതല്‍ സുദൃഢമാക്കാനായി സ്‌കൂള്‍ തലങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.
മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതില്‍ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സിലബസില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തും. ഇക്കാര്യം എസ് സി ഇ ആര്‍ ടി പരിശോധിക്കും. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി അദ്ധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. സ്‌കൂള്‍ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാരീരിക, മാനസിക ഉണര്‍വിനായുള്ള കായിക വിനോദങ്ങള്‍ ഏര്‍പ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനുള്ള സാധ്യത ഒരുക്കും. വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും.
മയക്കുമരുന്ന് ഉപയോഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും അക്രമങ്ങള്‍ക്കിരയായ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരെയും കൗണ്‍സിലര്‍മാരെയും ഇതിനായി നിയോഗിക്കും.
സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂള്‍ തയ്യാറാക്കാന്‍ എസ് സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തി. നടപ്പിലാക്കേണ്ട നടപടികള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോര്‍ട് ടേം, മീഡ് ടേം, ലോംഗ്‌ടേം പദ്ധതികള്‍ നടപ്പിലാക്കും. ഇക്കാര്യങ്ങള്‍ എസ് സി ഇ ആര്‍ ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിര്‍ദേശിച്ച ഈ ഇടപെടലുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
https://www.facebook.com/Malayalivartha


























