ചേര്‍ത്തലയില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചേര്‍ത്തല ആശുപത്രി കവലയില്‍ ബൈക്ക് ടൂറിസ്റ്റ് ബസിനടയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല എസ്എന്‍പുരം എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന് അജയ്(19)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ആലപ്പുഴ ചേര്‍ത്തലയില്‍ 3 വയസുകാരന് മീന്വളര്ത്തുന്ന് കുളത്തില്‍ വീണുമരിച്ചു. അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണാണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്സന്റെയും ദീപ്തിയുടെയും മകന് ഡെയ്ന്‍ ആണ് മരിച്ചത്.
ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























