ഭര്‍ത്താവ് ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു:ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി

ഭര്‍ത്താവിന് ആത്മീയതയില്‍ മാത്രമാണ് താത്പര്യമെന്നും ആത്മീയത സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായും പറഞ്ഞ് യുവതി നല്കിയ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തില്‍ താത്പര്യമില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കുടുംബ ജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ നേരത്തെ മൂവാറ്റുപുഴയിലെ കുടുംബകോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. വിവാഹം ഒരു പങ്കാളിക്ക് മറ്റൊരു ഇണയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. തന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനിന്നു. പി.ജി കോഴ്സിന് ചേരാന്‍ അനുവദിച്ചില്ല. അന്ധവിശ്വാസത്തിലും അനാചാരത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു. തന്നെ തനിച്ചാക്കി നിരന്തരം തീര്‍ത്ഥയാത്രകള്‍ക്ക് പോയി.
പഠനകാലത്തെ സ്റ്റൈപന്‍ഡ് തുക ദുരുപയോഗം ചെയ്തു എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഭാര്യ വിവാഹ മോചന ഹര്‍ജി നല്‍കിയത്. ആദ്യം നല്കിയ വിവാഹമോചന അപേക്ഷ ഭര്‍ത്താവ് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ശരിയായ കുടുംബ ജീവിതം നയിക്കാമെന്നും ഭര്‍ത്താവ് ഉറപ്പുനല്‍കിയിരുന്നു, എന്നാല്‍ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും വിവാഹ മോചനവുമായി യുവതി മുന്നോട്ടു പോയത്.
https://www.facebook.com/Malayalivartha


























